മുക്കം: റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നു കളഞ്ഞ മുഖ്യപ്രതി പിടിയിലായി. മലപ്പുറം കാവന്നൂർ സ്വദേശി ചക്കിങ്ങൽ സന്ദീപ് (30) ആണ് മുക്കം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഏഴിന് രാവിലെ മാമ്പറ്റ പ്രതീക്ഷ സ്കൂൾ പരിസരത്താണ് വീട്ടുജോലിക്ക് പോവുകയായിരുന്ന സ്ത്രീയുടെ ഒന്നര പവന്റെ മാല രണ്ടുപേർ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. കൂട്ടുപ്രതിയായ ഇളയൂർ സ്വദേശി അനസിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. കാവന്നൂരുള്ള ജുവലറിയിൽ വിറ്റ മാല അന്വേഷണ സംഘം കണ്ടെടുത്തു. മുക്കം ഇൻസ്‌പെക്ടർ ബി.കെ സിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.