കോഴിക്കോട്: പുത്തുമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ഇലഞ്ഞിക്കൽ ഖദീജയ്ക്ക് മർകസ് അലുംനിയുടെ സ്‌നേഹ ഭവനം കൈമാറി. വയനാട് മേപ്പാടി പഞ്ചായത്തിലെ പതിനാലാം വാർഡിൽ പത്തു ലക്ഷം രൂപ ചെലവഴിച്ചാണ് വീടും സ്ഥലവും മർകസ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ നൽകിയത്. കൂടാതെ കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മർകസ് ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനിക്ക് സ്‌കൂൾ അധികൃതരും പൂർവ വിദ്യാർത്ഥികളും ചേർന്ന് ആറ് ലക്ഷം രൂപ ചെലവിൽ കുന്ദമംഗലം മിനി ചാത്തങ്കാവിൽ നിർമ്മിച്ച വീടും കൈമാറി.
മർകസിൽ നടന്ന ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ താക്കോൽ കൈമാറി. മർകസ് അലുമ്‌നി ചെയർമാൻ സി.പി ഉബൈദുല്ല സഖാഫി, ജനറൽ സെക്രട്ടറി പി.ടി അബ്ദുൾ റഹീം, അബ്ദുറഹ്മാൻ എടക്കുനി തുടങ്ങിയവർ സംബന്ധിച്ചു.