ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം പുരുഷൻ കടലുണ്ടി എം.എൽ.എ ഓൺലൈനായി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളുടെ പ്രത്യേകത അനുസരിച്ച് കാർഷികോത്പാദനത്തിനുള്ള പദ്ധതികൾ തയ്യാറാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം. ഭക്ഷ്യ ധാന്യങ്ങൾ, പഴവർഗങ്ങൾ എന്നിവയുടെ നടീൽ വസ്തുക്കൾ, ജൈവ ഉത്പാദന ഉപാധികൾ എന്നിവ ഉത്പാദിപ്പിക്കുന്നതിനായി വിത്ത് ഗ്രാമങ്ങൾ, വിത്തുല്പാദന ക്ലസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നതിനും കേന്ദ്രം സഹായകമാകും. ബ്ലോക്ക് തലത്തിൽ കാർഷിക സാങ്കേതിക ഉപദേശങ്ങളും വിളവെടുപ്പിന് ശേഷമുള്ള സംസ്‌കരണം, മൂല്യവർധന വിപണി കണ്ടെത്തുക എന്നിവയിൽ പരിശീലനം നൽകുക, സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പും നടപ്പാക്കുന്ന സ്‌കീമുകൾ, പ്രൊജക്ടുകൾ എന്നിവയ്ക്ക് സാങ്കേതിക സഹായം നൽകുക എന്നിവയും ലക്ഷ്യങ്ങളാണ്.

കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു കുമാരി പദ്ധതി വിശദീകരിച്ചു. അമ്പലവയൽ റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സെന്റർ സൈന്റിസ്റ്റ് ഡോ. പ്രീത കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ബാലുശ്ശേരി, കോട്ടൂർ, കൂരാച്ചുണ്ട്, നടുവണ്ണൂർ, ഉള്ളിയേരി, അത്തോളി, പനങ്ങാട്, ഉണ്ണികുളം പഞ്ചായത്തുകളിലെ കൃഷി ഓഫീസർമാരും കർഷകരും ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി പങ്കെടുത്തു.