കോഴിക്കോട്: ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം ഏറിയതോടെ മെഡിക്കൽ കോളേജിന്റെ താളം തെറ്റുന്നു. പ്രധാന ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാരും പി.ജി വിദ്യാർത്ഥികളും നിരീക്ഷണത്തിലായത് മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവരെ പ്രതിസന്ധിയിലാക്കി. മെഡിസിൻ ഐ.സി.യു, ഹൃദയരോഗ, വൃക്കരോഗ, ത്രിതല കാൻസർ സെന്റർ വാർഡുകളായ മൂന്ന്, നാല്, 36 എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ അടച്ചുപൂട്ടിയിരുന്നു. കൂടാതെ ഒ.പിയുടെ പ്രവർത്തനവും മന്ദഗതിയിലാണ്. തീവ്ര പരിചരണം ആവശ്യമില്ലാത്ത രോഗികളെ കിടത്തി ചികിത്സിക്കുന്നത് മറ്റ് രോഗികൾക്ക് പ്രയാസമായിട്ടുണ്ട്. ഇവരെ പരിചരിക്കുന്നതിന് ആരോഗ്യ പ്രവർത്തകരെ പുനക്രമീകരിച്ചിരിക്കുകയാണ് . കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തുന്നവർക്കെല്ലാം കൊവിഡ് പോസിറ്റീവാകുന്ന സ്ഥിതിയാണ്. കാഷ്വാലിറ്റിയിൽ കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തുമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല .
മെഡിക്കൽ കോളേജിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തീവ്ര പരിചരണം ആവശ്യമുള്ള രോഗികളെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും ജൂനിയർ റസിഡൻസുകൾക്കും ജീവനക്കാർക്കും കൊവിഡ് പരിശോധന നിർബന്ധമാക്കണമെന്നും ആവശ്യപ്പെട്ട് കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷൻ കാലിക്കറ്റ് ചാപ്റ്റർ രംഗത്തെത്തിയിട്ടുണ്ട് .
* കൊവിഡ് കൂട്ടിരിപ്പുകാർക്കും
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തുന്നവരിൽ കൊവിഡ് വ്യാപിക്കുന്നത് ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഒരു ജനറൽ മെഡിസിൻ വാർഡിൽ നിന്ന് നിരവധി പേർക്കാണ് കൊവിഡ് ബാധിച്ചത്. ജനറൽ വാർഡുകളിലെ കൂട്ടിരിപ്പുകാർ വിവിധ ആവശ്യങ്ങൾക്കായി പുറത്ത് പോകുമ്പോൾ രോഗം പകരാനുള്ള സാദ്ധ്യത ഏറെയാണ്. രക്ത പരിശോധന, ഇൻഷുറൻസ് രജിസ്ട്രേഷൻ, മരുന്നും ഭക്ഷണവും വാങ്ങൽ എന്നിവയെല്ലാം കൂട്ടിരിപ്പുകാരാണ് ചെയ്യുന്നത്. ആശുപത്രിയിലെ പൊതു ടോയ്ലറ്റിന്റെ ഉപയോഗവും രോഗ സാധ്യത കൂട്ടുകയാണ്.