കൽപ്പറ്റ: ആഗസ്ത് ആദ്യവാരം തുടർച്ചയായി ലഭിച്ച കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിലെ കാപ്പിത്തോട്ടങ്ങളെ പൂർണമായോ ഭാഗികമായോ ദോഷകരമായി ബാധിച്ചതായി കോഫി ബോർഡ് വ്യക്തമാക്കി.
ഇത് ശ്രദ്ധിക്കാതിരുന്നാൽ അസാധാരണമായ ഇല കൊഴിച്ചിൽ, കായ് പൊഴിച്ചിൽ, വേരു ചീയൽ എന്നിവയ്ക്കും ചെടിയുടെ നാശത്തിനും കാരണമാകുമെന്നതിനാൽ കാപ്പി കർഷകർ ഇനിപറയുന്ന നടപടികൾ സ്വീകരിക്കണമെന്ന് കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ (വിജ്ഞാന വ്യാപന വിഭാഗം) അറിയിച്ചു.
കാപ്പിച്ചെടിയുടെ ചുവട്ടിൽ അടിഞ്ഞുകൂടിയ ചപ്പുചവറുകൾ നീക്കം ചെയ്ത് വരികളുടെ മദ്ധ്യഭാഗത്തേക്ക് മാറ്റിയിടണം.
വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കണം.
ചെടികളിലെ വായുസഞ്ചാരം ഉറപ്പു വരുത്തുന്നതിന് അരയടി തുറക്കലും കമ്പ ചികറുകൾ നീക്കം ചെയ്യുകയും ചെയ്യണം.
ചെടികൾ ചെരിഞ്ഞ് വീണിട്ടുണ്ടെങ്കിൽ ആവശ്യമായ താങ്ങ് നൽകി ഉയർത്തി നിർത്തണം.
ഒരാഴ്ചക്ക് ശേഷം ഒരേക്കറിന് ഒരു ചാക്ക് എന്ന കണക്കിൽ യൂറിയ ചേർത്ത് കൊടുക്കുക.
അഴുകൽ ശ്രദ്ധയിൽപ്പെട്ടാൽ 200 ഗ്രാം കാർബൺഡാസിം, 50 ഗ്രാം പ്ലനോഫിക്സ്, 100 മില്ലി വെറ്റിംഗ് ഏജന്റ് എന്നിവ 200 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ച് കൊടുക്കണം. അഴുകൽ ബാധിച്ച ശിഖരങ്ങളും ഇലകളും കായകളും നീക്കം ചെയ്യുകയും വേണം.
അഴുകൽ തുടരുകയാണെങ്കിൽ ഫോളികർ അല്ലെങ്കിൽ ടിൽട്ട് 200 മില്ലി 200 ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കേണ്ടതാണ്.