കോഴിക്കോട്: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഈ മാസം 10 മുതൽ 16 വരെ എക്സൈസ് നടത്തിയ റെയ്ഡിൽ 35 അബ്കാരി കേസുകളും മൂന്ന് മയക്കുമരുന്ന് കേസുകളുമെടുത്തു. റെയ്ഡിൽ 85 ലിറ്റർ ചാരായം, 2928 ലിറ്റർ വാഷ്, 68.5 വിദേശമദ്യം 30 ലിറ്റർ മാഹി വിദേശമദ്യം എട്ട് ലിറ്റർ കളള്, 9.050 കിലോ കഞ്ചാവ് ഒരു കഞ്ചാവ് ചെടി എന്നിവ പിടികൂടി. 16 പ്രതികൾക്കെതിരെയും കേസെടുത്തു.
വടകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. മോഹനന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കണ്ണൂക്കര ദേശീയപാതയ്ക്ക് സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്.
പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസും സംയുക്തമായി കൊയിലാണ്ടി താലൂക്കിലെ ചിങ്ങപുരത്ത് 9 കിലോ കഞ്ചാവും ഒരു ബൈക്കും പിടികൂടി. മൂന്ന് പേർക്കെതിരെ കേസെടുത്തു. ഫറോക്ക് ഇൻസ്‌പെക്ടർ കെ.സതീശന്റെ നേതൃത്വത്തിൽ കടലുണ്ടി മണ്ണൂരിൽ നടത്തിയ റെയ്ഡിൽ 10 ലിറ്റർ ചാരായം പിടികൂടി. കൊയിലാണ്ടി റെയിൽവേ പ്രിവന്റീവ് ഓഫീസർ ഹാരിസിന്റെ നേതൃത്വത്തിൽ തിക്കോടിയിൽ നിന്ന് 30 ലിറ്റർ മാഹി മദ്യം പിടികൂടി.