സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് കേരളത്തിലേക്ക്
കടത്താൻ ശ്രമിച്ച 18500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്‌സൈസ് അധികൃതർ മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ വെച്ച് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടപേട്ട ഭീമൻവീട് സ്വദേശികളായ മല്ലു (27), കൃഷ്ണ (30) എന്നിവരെ അറസ്റ്റ് ചെയ്തു. നിരോധിത പുകയില കടത്താൻ ഉപയോഗിച്ച മിനി ലോറിയും കസ്റ്റഡിയിലെടുത്തു.
പതിനാല് ചാക്കുകളിലാണ് മിനിലോറിയുടെ അടിയിലായി ഹാൻസ് കടത്തികൊണ്ടുവന്നത്. ഹാൻസ് നിറച്ച ചാക്കുകൾക്ക് മുകളിലായി പച്ചക്കറികൾ നിരത്തി ചാക്ക് മൂടിയായിരുന്നു കൊണ്ടുവന്നത്.
ബത്തേരിയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പിടിയിലായവർ എക്‌സൈസിനോട് പറഞ്ഞു. കാൽ കോടിയോളം രൂപ വിലവരുന്ന ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇത് പിടികൂടിയത്.
കൊവിഡിന്റെ മറവിൽ വൻതോതിൽ നിരോധിത
പുകയില ഉൽപ്പന്നങ്ങൾ കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ മാസം മുത്തങ്ങ വഴി സമാനരീതിയിൽ കടത്തിയ 680 പാക്കറ്റ് ഹാൻസ് പിടികൂടിയിരുന്നു.
എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ എം.കെ.സുനിൽ, എക്‌സൈസ് ചെക്ക്‌പോസ്റ്റ് ഇൻസ്‌പെക്ടർ ഹരീഷ്‌കുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ.രമേഷ്, പി.എസ്.വിനീഷ്,കെ.പി.ലത്തിഫ്, കെ.വി.വിജയകുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോമോൻ, രാജേഷ്, തോമസ്, ഡ്രൈവർ എം.എം. ജോയി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
ഫോട്ടോ
ഹാൻസുമായി എക്‌സൈസിന്റെ പിടിയിലായ
മല്ലുവും കൃഷ്ണയും