കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ ഒന്നാംമൈൽ കുന്നത്ത് ജോൺസന്റെ മൂന്ന് ഏക്കറിലെ ഞാറ്റടിയും, കുടുബശ്രീയുടെ പവർ ടില്ലറും കാട്ടാന തകർത്തു. പാട്ടത്തിനെടുത്ത മൂന്ന് ഏക്കർ പാടം നെൽകൃഷിക്കായി ടില്ലർ ഉപയോഗിച്ച് ഒരുക്കുന്നതിനിടയിലാണ് ആന ഞാറ്റടിയും ടില്ലറും പൂർണ്ണമായും നശിപ്പിച്ചത്.
ഞാറ്റടി തകർന്നതോടെ ഈ വർഷത്തെ നെൽകൃഷി നടക്കാതെയായി. മുടക്കിയ പണവും നഷ്ടമായി. പുതിയ ഞാറ് പാകി നടാനുള്ള സമയവും കഴിഞ്ഞു.

പശുവളർത്തിയും പാട്ടകൃഷി നടത്തിയും ആണ് ജോൺസൻ ഉപജീവനം നടത്തിയിരുന്നത്. കഴിഞ്ഞ വർഷം പാട്ടത്തിനെടുത്ത് നടത്തിയ നെൽകൃഷി ആന നശിപ്പിച്ചതിന്റെ ബാധ്യത ഇനിയും തീർന്നിട്ടില്ല. അതിനിടയിലാണ് ഈ വർഷവും ലോൺ എടുത്ത് നടത്തിയ കൃഷി ആന നശിപ്പിച്ചത്. സഘത്തിന്റെ ടില്ലർ പൂർണ്ണമായും തകർന്നു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം സഭവിച്ചു. നഷ്ടപരിഹാരമായി സർക്കാർ നൽകുന്നത് പത്ത് ശതമാനം പോലും വരില്ല. ബാക്കി തുക കൈയ്യിൽ നിന്ന് എടുത്ത് വേണം ടില്ലർ നന്നാക്കാൻ. വന്യമൃഗശല്യത്താൽ തുടർച്ചയായി നാശനഷ്ടം സംഭവിച്ച തനിക്ക് വനം വകുപ്പ് മാന്യമായ നഷ്ടപരിഹാരം നൽകണമെന്ന് ജോൺസൺ ആവശ്യപ്പെട്ടു.