fathima
നരിക്കുനി കെ.എസ്,ഇ,ബിയിൽ കാഷ്യറായി ജോലി ആരംഭിച്ച ഫാത്തിമ റുക്‌സാന

നരിക്കുനി: ദേശീയ വനിതാ വോളി താരത്തിന്റെ കളിക്കളത്തിലെ മിന്നൽ പിണറുകളും സ്മാഷുകളും ഇനി നരിക്കുനി കെ.എസ്.ഇ.ബിയ്ക്ക് സ്വന്തം. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തെ വോളിബാളിൽ ദേശീയ കിരീടത്തിലേക്ക് നയിച്ച ഫാത്തിമ റുക്‌സാന നരിക്കുനി കെ.എസ്.ഇ.ബിയിൽ കാഷ്യറായി ജോലിയിൽ പ്രവേശിച്ചു. പുന്നശ്ശേരി കണ്ടോത്ത്പാറ സ്വദേശി പുറായിൽ അബ്ദുൾ റസാഖിന്റെ മകളാണ്. 2019 ജനുവരിയിൽ ചെന്നൈയിൽ നടന്ന ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കിരീടം ലഭിക്കാൻ പ്രയത്‌നിച്ച ടീമിന്റെ നെടുന്തൂണായിരുന്നു റുക്‌സാന. ഇതോടെ ഇന്ത്യൻ ടീമിലും അംഗമായി. 2015ൽ ദേശീയ ഗെയിംസിൽ സ്വർണം നേടിയ കേരള ടീമിലുമുണ്ടായിരുന്നു റുക്‌സാന. അഞ്ച് വർഷമായി കെ.എസ്.ഇ.ബിയ്ക്ക് വേണ്ടി കളിക്കളത്തിലായിരുന്നു. കായിക താരങ്ങൾക്കുള്ള സർക്കാർ പരിഗണനയിലാണ് ഗവ. സർവീസിലെത്തിയത്. ഒരു മാസം മുമ്പാണ് കുറ്റിക്കാട്ടൂർ സദ്ഭാവന സ്‌കൂളിലെ അദ്ധ്യാപകൻ മമ്പാട് സ്വദേശി ഷഹീർ ഇസ്ഹാനെ വിവാഹം ചെയ്തത്.