കുറ്റ്യാടി: ജൈവകൃഷിയിലൂടെയും അലങ്കാര, ഭക്ഷ്യ, മത്സ്യകൃഷിയിലൂടെയും ശ്രദ്ധേയനായ യുവകർഷകൻ വേളം ചെറുകുന്നിലെ ഉദീപ് കാപ്പുമ്മലിന് കർഷക ദിനത്തിൽ കിസാൻ സഭയുടെ ആദരം. നാല് ഏക്കർ കൃഷിഭൂമിയിൽ തെങ്ങ്, കവുങ്ങ്, റബർ, കുരുമുളക് തുടങ്ങിയ നാണ്യവിളകളും ചേന, ചേമ്പ്, മരച്ചീനി, ഇഞ്ചി, മഞ്ഞൾ, വാഴ, പച്ചക്കറി മുതലായ ഇടവിള കൃഷികളും ചെയ്യുന്ന ഉദീപ് കോൺക്രീറ്റിലും പോളിത്തീൻ ഷീറ്റുകൊണ്ടും നിർമ്മിച്ച ടാങ്കുകളിൽ അലങ്കാര മത്സ്യങ്ങളായ കാർപ്പ്, പ്ലാറ്റി, വിവിധതരം ഗപ്പി, മോളി, ഗോൾഡ് ഫിഷ് എന്നിവയും പുരയിടത്തിലെ വിസ്തൃതമായ കുളത്തിൽ ഭക്ഷ്യയോഗ്യമായ ചൈനീസ് ആവോലി, ആസാം വാള, കട്‌ല ,രോഹു, മൃഗാൾ, തിലാപ്പിയ എന്നിവയും കൃഷി ചെയ്യുന്നു. ഇപ്പോൾ മത്സ്യങ്ങളുടെ വിളവെടുപ്പ് നടക്കുകയാണ്. അത്യുത്പാദന ശേഷിയുള്ള തെങ്ങിൻതൈകളും കവുങ്ങിൻ തൈകളും ഉൽപാദിപ്പിച്ച് മിതമായ വിലക്ക് കർഷകർക്ക് വിതരണം നടത്തുന്നുമുണ്ട്. ഇതോടൊപ്പം പശു, ആട്, പോത്ത്, താറാവ് എന്നിവയെ വളർത്തുന്നു. ജൈവവളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിച്ചുള്ള ഉദീപിന്റെ സംയോജിത കൃഷിരീതി പുതുതലമുറക്ക് മാതൃകയാണ്.
അഖിലേന്ത്യാ കിസാൻ സഭ ചെറുകുന്ന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ സി.പി.ഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ ഉദീപിനെ പൊന്നാട അണിയിച്ചു. സി. രാജീവൻ, കെ.പി ബിനൂപ്, ടി. ശങ്കരൻ, സി.എം ബബിജേഷ്, സുനിൽ കാവിൽ, കെ.പി അഭിനന്ദ് എന്നിവർ പങ്കെടുത്തു.