ksrtc

കോഴിക്കോട്: ജീവനക്കാർക്ക് വിശ്രമിക്കാൻ കെ.എസ്.ആ.ടി.സി ഒരുക്കിയ എ.സി സ്ലീപ്പർ ബസ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരിപ്പൂർ വിമാനത്താവളത്തിലാണ് ആദ്യ ബസ് എത്തുന്നത്. അടുത്ത ദിവസം നെടുമ്പാശ്ശേരിയിലും ഓണത്തിന് മുമ്പായി തിരുവനന്തപുരത്തും സൗകര്യം ഏർപ്പെടുത്തും. അത്യാധുനിക സൗകര്യമുളള ബസുകൾ നിർമ്മിച്ചത് കെ.എസ്.ആർ.ടി.സിയുടെ വർക്ക്‌ഷോപ്പുകളിലാണ്.

വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലുമെത്തുന്നവരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ മണിക്കൂറുകളോളമാണ് ബസ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നും യാത്രക്കാരെ കാത്തിരിക്കുന്ന ജീവനക്കാർക്ക് വിശ്രമിക്കാനും മറ്റും പ്രത്യേക സൗകര്യങ്ങളില്ലാത്ത സാഹചര്യത്തിലാണ് ഈ സംരംഭം ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ എ.പ്രദീപ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ മുഖ്യപ്രഭാഷണം നടത്തി. വടക്കൻ മേഖല എക്‌സി.ഡയറക്ടർ സി.വി രാജേന്ദ്രൻ, വർക്‌സ് മാനേജർ ഇൻചാർജ് ഗിരീഷ് പവിത്രാലയം, സോണൽ ട്രാഫിക്ക് ഓഫീസർ ജോഷി ജോൺ, അസി.വർക്‌സ് മാനേജർ സഫറുള്ള എന്നിവർ പങ്കെടുത്തു.

സവിശേഷതകൾ

16 പേർക്ക് വിശ്രമിക്കാൻ ടു ടയർ മാതൃകയിൽ കുഷ്യൻ ബർത്തുകൾ, ഒരേ സമയം നാലുപേർക്ക് ഉപയോഗിക്കാൻ പറ്റുന്ന മടക്കി വയ്ക്കാവുന്ന മേശ, നാലുപേർക്ക് ഇരിക്കാവുന്ന ഇരിപ്പിടങ്ങൾ,16 ലോക്കറുകൾ, തണുപ്പേകാൻ എസിയും ഫാനും. 325 ലിറ്റർ വാട്ടർ ടാങ്ക്, മാലിന്യം നിക്ഷേപിക്കാനിടം, മലിനജലം സംഭരിക്കാൻ സംവിധാനം, മൊബൈൽ ചാർജിംഗ് സൗകര്യവും സെൻസർടൈപ്പ് സാനിറ്റൈസിംഗ് മെഷീനും, ബർത്തുകളെ വേർതിരിച്ചും ബസിനകം മനോഹരമാക്കിയുമുള്ള കർട്ടനുകൾ, ബസിന്റെ ഇരുവശത്തുകൂടിയും നടന്നുപോകാൻ ആവശ്യമായ ഇടനാഴികൾ.