മാനന്തവാടി: ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം അടുമാരി പാടശേഖരത്ത് എർത്ത് വേം സ്വാശ്രയ സംഘം നെൽകൃഷി ആരംഭിച്ചു. 18 ഏക്കർ സ്ഥലത്താണ് തിരുനെല്ലി സഹകരണ ബാങ്കിന്റെ സഹായത്തോടെ 101 ഇനം നെൽവിത്തുകൾ പാടത്തിറക്കിയത്. ജില്ലയിൽ സുലഭമായിരുന്നതും അന്യം നിന്ന് പോയതുമായ വലിയ ചെന്നല്ല്, മുള്ളൻ കയ്മ, ജീരകശാല, കണ്ണി ചെന്നല്ല്, കോതണ്ട, തൊണ്ടി സംസ്ഥാനത്തിന്റ് പല ഭാഗങ്ങളിൽ നിന്നുള്ള കമുങ്ങിൻ പൂത്താല, കരിഞ്ചൻ, പള്ളിയാരൻ, രക്തശാലി, ഒറീസയിൽ നിന്നുള്ള കാകിശാല, ചത്തീസ്ഗഡിൽ നിന്നുള്ള രംലി, അസമിൽ നിന്നുള്ള അസം ബ്ളാക്ക്, ബംഗാളിൽ നിന്നുള്ള ബസുമതി നാഗിണ, തായ്‌ലന്റിൽ നിന്നുള്ള ബ്ളാക്ക് ജാസ്മിൻ, റെഡ് ജാസ്മിൻ, വൈറ്റ് ജാസ്മിൻ, മ്യാൻമറിൽ നിന്നുള്ള ബർമ്മ ബ്ളാക്ക് ലോകത്തിലെ ഏറ്റവും ചെറിയ അരി ലഭിക്കുന്ന ബംഗാളിൽ നിന്നുള്ള തുളസി ബോഗ് തുടങ്ങിയ അപൂർവ്വ ഇനം വിത്തുകളാണ് ഇവർ പാടത്തിറക്കിയത്.

ജൈവ നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നാടൻ നെൽവിത്തുകളുടെ പ്രാധാന്യം ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുമായി യുവ കർഷകരായ കെ.ലെനീഷ്, ടി.വി.ജയകൃഷ്ണൻ, സി.എസ്.സൂരജ്, വി.സി.അഷിത, സി.വി.രേഷ്മ എന്നിവർ ചേർന്നാണ് കൃഷി നടത്തുന്നത്.