തിരുവമ്പാടി: തമ്പലമണ്ണ 110 കെ.വിയടക്കം 12 സബ് സ്റ്റേഷനുകൾ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. വൈദ്യുതി മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിച്ചു. തമ്പലമണ്ണ 110 കെ.വിയാക്കി ഉയർത്തുകയും അഗസ്ത്യൻ മുഴി സബ് സ്റ്റേഷനുമായി ഭൂഗർഭ കേബിൾ വഴി ബന്ധിപ്പിക്കുകയും ചെയ്തതോടെ ഉറുമി, ചെമ്പുകടവ്, പതങ്കയം നിലയങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി തടസമില്ലാതെ പ്രസരണം ചെയ്യാനാകും. 11.4 കിലോമീറ്റർ ദൂരത്തിലാണ് അഗസ്ത്യൻമുഴി 110 കെ.വി സബ്സ്റ്റേഷനിൽ നിന്നും തമ്പലമണ്ണയിലേക്ക് ഭൂഗർഭ കേബിൾ സ്ഥാപിച്ചത്. 33 കെ.വി സബ്സ്റ്റേഷനായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. 27 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. ചടങ്ങിൽ ജോർജ് എം. തോമസ് എം.എൽ.എ. ശിലാഫലകം അനാഛാദനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. റംല, കെ.എം. കുഞ്ഞി, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ, ജില്ല പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി സബാസ്റ്റ്യൻ, തിരുവമ്പാടി പഞ്ചായത്ത് അംഗം ഗീത പ്രശാന്ത്, കെ.എസ്.ഇ.ബി. എക്സിക്യുട്ടീവ് എൻജിനീയർ സജി പൗലോസ് എന്നിവർ സംസാരിച്ചു.