കോഴിക്കോട്/ കുന്ദമംഗലം/ മുക്കം: രാജ്യം ശ്രദ്ധിക്കുന്ന പ്രവർത്തനമാണ് വൈദ്യുത മേഖലയിൽ സംസ്ഥാനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ ജില്ലകളിൽ പ്രവൃത്തി പൂർത്തിയായ 13 സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും തലശ്ശേരി 220 കെ.വി. സബ് സ്റ്റേഷന്റെ ശിലാസ്ഥാപനവും വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജില്ലയിൽ കുന്ദമംഗലം മണ്ഡലത്തിലെ കുറ്റിക്കാട്ടൂർ, കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ മാങ്കാവ്, തിരുവമ്പാടി മണ്ഡലത്തിലെ തമ്പലമണ്ണ എന്നിവിടങ്ങളിലെ 110 കെവി സബ്‌സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്തത്. വൈദ്യുതി മന്ത്രി അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ്, വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനുകൾ, വ്യാവസായിക പവർ ഇന്റൻസീവ് യൂണിറ്റുകൾ തുടങ്ങിയ പ്രധാനപ്പെട്ട ഉപഭോക്താക്കൾക്കുള്ള വൈദ്യുതി കുറ്റിക്കാട്ടൂർ സബ്‌സ്റ്റേഷനിൽ നിന്നാണ് ലഭ്യമാക്കുന്നത്. ഇവിടേക്ക് നല്ലളം കുന്ദമംഗലം പ്രസരണ ലൈൻ വഴിയാണ് വൈദ്യുതി എത്തിക്കുന്നത്. ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുന്ദമംഗലം മുതൽ കുറ്റിക്കാട്ടൂർ വരെയുള്ള 5.8 കി.മീ 110 കെ.വി ലൈൻ പ്രവൃത്തി പൂർത്തിയായി.
ശിലാഫലക അനാഛാദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പശ്ശേരി നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, നല്ലളം ട്രാൻസ്മിഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ എ. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബോസ് ജേക്കബ് റിപ്പോർട്ട് അവതരിപ്പിച്ചു.
മാങ്കാവ് 110 കെ.വി സബ്‌സ്റ്റേഷൻ ഉദ്ഘാടന പരിപാടിയിൽ എം.കെ മുനീർ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്തു. കൗൺസിലർ ശശി മനയ്ക്കൽ, ചീഫ് എൻജിനീയർ ഡിസ്ട്രിബ്യൂഷൻ നോർത്ത് എം.എ. ടെൻസൻ തുടങ്ങിയവർ പങ്കെടുത്തു. ട്രാൻസിഷൻ നോർത്ത് ചീഫ് എൻജിനീയർ രാജൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
തമ്പലമണ്ണ പദ്ധതിയുടെ ഭാഗമായി ഉറുമി, ചെമ്പുകടവ്, പതങ്കയം എന്നീ വൈദ്യുതി നിലയങ്ങളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി തടസരഹിതമായി പ്രസരണം ചെയ്യാനും തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളിൽ വൈദ്യുതി കാര്യക്ഷമമായി വിതരണം ചെയ്യാനും സാധിക്കും. അഗസ്ത്യൻ മുഴി സബ് സ്റ്റേഷനിൽ സാങ്കേതിക തടസങ്ങൾ വരുന്ന സന്ദർഭങ്ങളിൽ മുക്കം, കാരശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ വൈദ്യുതി വിതരണം ചെയ്യുന്നതിനും പദ്ധതി കൊണ്ടാവും. അഗസ്ത്യൻ മുഴി സബ്‌സ്റ്റേഷനിൽ നിന്നും 11.4 കി.മീ ഭൂഗർഭ കേബിൾ വഴിയാണ് തമ്പലമണ്ണ സബ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നത്. ജോർജ് എം. തോമസ് എം.എൽ.എ ശിലാഫലക അനാഛാദനം നിർവഹിച്ചു. കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപറേഷൻ ഡയറക്ടർ ഡോ. പി. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റംല ഒ.കെ.എം. കുഞ്ഞി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് അംഗം ഗീതാ പ്രശാന്ത് എന്നിവർ പങ്കെടുത്തു. കെ.എസ്.ഇ.ബി എം.ഡി എൻ.എസ്. പിള്ള സ്വാഗതവും കോഴിക്കോട് ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ എം. അനിൽ നന്ദിയും പറഞ്ഞു.