riyas
റിയാസ് ശില്പങ്ങൾക്കൊപ്പം

കോഴിക്കോട്:പിഴുതെറിയുന്ന തേക്കിൻ വേരുകളിൽ ഉളിയെറി‍ഞ്ഞ് പ്രതിരോധത്തിന്റെ ശിൽപ്പങ്ങൾ തീർക്കുകയാണ് റിയാസ് കുന്ദമംഗലം.രണ്ടര വർഷം കൊണ്ട് കേരളത്തിന്റെ 12 നേർകാഴ്ചകളാണ് ഈ യുവ ശിൽപ്പി കൊത്തിയെടുത്തത്. അക്കാഡമിക് യോഗ്യതകൾക്കപ്പുറം സർഗാത്മകതയും സാമൂഹ്യവീക്ഷണവുമാണ് റിയാസിനെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ 'ഗോഡ്സ് ഓൺ കൺട്രി' എന്ന പേരിൽ 4 വർഷത്തിനിടെ 16 പ്രദർശനങ്ങൾ നടത്തി. തന്റെ ശിൽപ്പങ്ങൾ ഇന്ത്യ മുഴുവൻ പ്രദർശിപ്പിക്കുകയാണ് റിയാസിന്റെ ലക്ഷ്യം. പക്ഷെ, ലക്ഷങ്ങൾ ചെലവ് വരുന്നതിനാൽ രണ്ടേമുക്കാൽ കോടി രൂപ വിലമതിക്കുന്ന 12 തേക്കിൻ ശിൽപ്പങ്ങൾ പൊടിപിടിച്ച് കിടപ്പാണ് വീട്ടിൽ. ശില്പങ്ങളിൽ ഒന്ന് വിറ്റാൽ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് റിയാസിന് അറിയാം. എന്നാൽ ഒരു ശില്പം പോയാൽ അവശേഷിക്കുന്ന 11 ശില്പങ്ങളും പ്രസക്തമല്ലാതായി പോകുമെന്നാണ് റിയാസ് പറയുന്നത്. ഒന്നിലധികം ആശയങ്ങളും വിഷയങ്ങളും ഒളിഞ്ഞു കിടക്കുന്നതാണ് ഓരോ തേക്കിൻ വേരുകളും. എൻഡോസൾഫാൻ, വർഗീയത, യുവതയെ വഴിതെറ്റിക്കുന്ന മൊബൈൽ ഫോൺ ഉപയോഗം, പീഡിപ്പിക്കപ്പെടുന്ന സ്ത്രീത്വം,അവിവാഹിതരായ അമ്മമാരുടെ നൊമ്പരങ്ങൾ ഇങ്ങനെ പലതുണ്ട് റിയാസിന്റെ ശില്പങ്ങളിൽ. 35-40 വർഷം പഴക്കമുള്ള വേരുകളാണ് റിയാസ് ശില്പ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇദ്ദേഹം സജീവമാണ്. പാവപ്പെട്ട ഭിന്നശേഷി വിദ്യാർത്ഥികളുടെ ഉന്നമനത്തിനായും പ്രവർത്തിക്കുന്നു.