saruthi-1

കോഴിക്കോട്: കൊവിഡിനെതിരായ പോരാട്ടത്തിൽ വിജയത്തിലേക്കെത്തിയിട്ടില്ല ഒളവണ്ണയെന്ന ഗ്രാമം. പക്ഷേ, മുന്നിൽനിന്ന് നയിക്കാൻ ശാരുതിയുണ്ട്. ആരാണ് ശാരുതി? ഇടിമുഴിക്കൽ ഭവൻസ് ലാ കോളേജിലെ അവസാനവർഷ നിയമബിരുദ വിദ്യാർത്ഥിനി. നോക്കൂ, രാവിലെ ഒമ്പത് മുതൽ മൂന്നു വരെ റേഷൻ കടയിൽ തിരക്കിട്ട ജോലിയിലാണ്. അവരാണോ റേഷൻകട നടത്തുന്നത് ? അല്ല.

റേഷൻകട ഉടമയ്ക്ക് കൊവിഡ് ബാധിച്ചു. കട പൂട്ടിയിടേണ്ടവന്നു. കണ്ടെയ്ൻമെന്റ് സോണായതിനാൽ ജോലിയും കൂലിയും ഇല്ലാത്തവർ ആശങ്കയിലായി. റേഷനും കിട്ടാതാകുമോ. പ്രതിസന്ധിക്കിടെ വാർഡ് മെമ്പർ പവിത്രൻ ശാരുതിയോട് ചോദിച്ചു - കുറച്ചു ദിവസത്തേക്ക് റേഷൻ കട നോക്കാമോ? അതിനെന്താ പവിത്രേട്ടാ... ശാരുതി റേഷൻ കട തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ഒരുക്കം തുടങ്ങി. ആദ്യം അണുനശീകരണം. പിറ്രേന്ന് മുതൽ കട പ്രവർത്തനസജ്ജമായി.

റേഷൻ കടയിൽ പോയവരെല്ലാം ക്വാറന്റൈനിൽ ആയ സമയത്ത് പ്രവർത്തനം ഏറ്റെടുക്കാൻ ധൈര്യംകാണിച്ച വിദ്യാർത്ഥിനി ഈ നാടിന്റെ കരുതലാണ്. ശാരുതി ഈ ധൈര്യം കാണിച്ചത് ആദ്യമായിട്ടല്ല. കോഴിക്കോട്ടെ വലിയ കൊവിഡ് ക്ലസ്റ്ററായി മാറുന്ന സാഹചര്യത്തിൽ ഒളവണ്ണ ഗ്രാമപഞ്ചായത്ത് യുവാക്കളുടെ സേവനം തേടി. പലരും ഒഴിഞ്ഞു മാറിയപ്പോൾ ആത്മവിശ്വാസത്തോടെ കടന്നുവന്നു ശാരുതി. പഞ്ചായത്ത് ചാലിക്കരയിൽ ഒരുക്കിയ ക്വാറന്റൈൻ സെന്ററിൽ 19 ദിവസം പി.പി.ഇ കിറ്റ് ധരിച്ച് സേവനം നടത്തിയിട്ടുണ്ട്. തുടർന്ന് പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഒപ്പം ചേർന്നു.

ആർ.ആർ.ടി വോളന്റിയർ, കമ്മ്യൂണിറ്റി കിച്ചൺ വോളന്റിയർ, മരുന്ന് എത്തിച്ച് നൽകൽ, അന്യസംസ്ഥാന തൊഴിലാളികൾക്ക് സൗകര്യമൊരുക്കൽ എന്നീ പ്രവർത്തനങ്ങളിലെല്ലാം മുൻനിരയിൽ ശാരുതി ഉണ്ട്. പറശ്ശേരി മനോഹരന്റെയും റജീനയുടെയും മകളാണ്.

" യുവാക്കളും വിദ്യാർത്ഥിനികളും കൊവിഡിനെതിരായ പ്രവർത്തനത്തിൽ മുന്നോട്ട് വരണം. എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയമാണ്. പറ്രാവുന്ന കാര്യങ്ങളെല്ലാം ചെയ്യുക"

-പി. ശാരുതി