കോഴിക്കോട്: ഭരണകൂടം ഒന്നടങ്കം കൊവിഡ് പ്രതിരോധ നടപടിയിലേക്ക് തിരിഞ്ഞതോടെ പാത്തും പതുങ്ങിയും പ്ലാസ്റ്റിക് ക്യാരി ബാഗുകൾ തിരിച്ചെത്തി. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ശ്രദ്ധമാറിയപ്പോഴാണ് ഉപയോഗം കൂടിയത്. ശുചിത്വമിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നടപ്പാക്കിയ നിരോധനമാണ് ഇപ്പോൾ വ്യാപാര സ്ഥാപനങ്ങൾ കാറ്റിൽ പറത്തുന്നത്.

വഴിയോര കച്ചവടക്കാർ മുതൽ ഹോട്ടലുകൾ വരെ സാധനങ്ങൾ നൽകുന്നത് നിരോധിച്ച പ്ലാസ്റ്റിക് കവറുകളിലാണ്. ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗം നിരോധിച്ചത്. ഇവ സൂക്ഷിച്ചാൽ പോലും 10,000 രൂപ പിഴ ഈടാക്കും. ആവർത്തിച്ചാൽ 25,000 രൂപയും മൂന്നാംവട്ടം പിടിക്കപ്പെട്ടാൽ 50,000 രൂപയുമാണ് ശിക്ഷ.

തുടക്കത്തിൽ ടൺ കണക്കിന് പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് പിടിച്ചെടുത്തത്. ഇതേ തുടർന്ന് ധാരാളം തുണി സ‌ഞ്ചികൾ വിപണിയിൽ ഇറങ്ങി. നിരോധനത്തിന് മുന്നോടിയായി ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങളുടെ പ്രദർശന മേളകളും നടത്തിയിരുന്നു. മത്സ്യക്കച്ചവടക്കാർ പഴയരീതിയിൽ തേക്കിലകളും മറ്റും ഉപയോഗിച്ചിരുന്നു.

നിരോധിച്ച പ്ലാസ്റ്റികുകൾ

ചെറിയ കുപ്പി, 50 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ, സ്ട്രോ, സിഗരറ്റ് ബഡ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ, അര ലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ, പ്ലാസ്റ്റിക് വാട്ടർ പൗച്ചുകൾ