thozhil
thozhil

കോഴിക്കോട്: അറുപത്തിയഞ്ച് കഴിഞ്ഞവരെ തൊഴിലുറപ്പ് ജോലിയിൽ നിന്ന് ഒഴിവാക്കിയതോടെ ജീവിതം പ്രതിസന്ധിയിലായി തൊഴിലുറപ്പ് തൊഴിലാളികൾ. ദിവസവും നൂറിലധികം വൃദ്ധരാണ് ഈ കൊവിഡ് കാലത്തും തൊഴിൽ തേടി പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങുന്നത്. ജില്ലയിൽ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരിൽ 26 ശതമാനം പേരും 65 വയസ് കഴിഞ്ഞവരാണ്. തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ച് കഴിയുന്നവരെ സാമൂഹിക ക്ഷേമ പദ്ധതികളുടെ ഭാഗമാക്കണമെന്ന് തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ഇറക്കിയ ഉത്തരവ് നടപ്പാകാത്തതും ഇവർക്ക് തിരിച്ചടിയായി. 65ന് മുകളിൽ പ്രായമായവരുടെ കുടുംബത്തിലെ മ​റ്റംഗങ്ങൾക്ക് ആവശ്യാനുസരണം തൊഴിൽ നൽകണമെന്ന നിർദ്ദേശവും നടപ്പായില്ല.അറുപത് കഴിഞ്ഞവരെയാണ് കൊവിഡ് രോഗം വേഗത്തിൽ ബാധിക്കുന്നതെന്ന വിലയിരുത്തലിനെ തുടർന്നാണ് തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഇവരെ താത്ക്കാലികമായി മാറ്റി നിർത്തിയത്. എന്നാൽ ആരോഗ്യ വകുപ്പിന്റെ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ജില്ലയിൽ തൊഴിലുറപ്പ് പദ്ധതി മുന്നേറുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ച ജോലികൾ ഏപ്രിൽ 22നാണ് പുനരാരംഭിച്ചത്.

"ക്ഷേമ പെൻഷനിലും മറ്റും ഉൾപ്പെടാത്തവരെ എത്രയും വേഗം പരിഗണിക്കുന്ന നടപടികൾ സ്വീകരിച്ചു വരികയാണ് "- പി.എം.മുഹമ്മദ് ജാ -ജില്ലാ പോഗ്രാം കോ ഓർഡിനേറ്റർ