കൽപ്പറ്റ: ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന വയനാട് വൈൽഡ്‌ലൈഫ് ഡിവിഷനിലെ മുത്തങ്ങ, തോൽപ്പെട്ടി ടൂറിസം കേന്ദ്രങ്ങൾ ഇന്ന് പുനരാരംഭിക്കും. കൊവിഡ് വ്യാപന സാഹചര്യത്തിൽ മാർച്ച് മാസത്തോടെയായിരുന്നു ഈ ടൂറിസം കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങൾ നിർത്തിവെച്ചത്.
ലോക്ക് ഡൗൺ പിൻവലിക്കപ്പെട്ടതിനെ തുടർന്ന് വിവിധ മേഖലകളിൽ ഇളവുകൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 6 മാസത്തിലധികമായി നിലച്ചുപോയ ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്.
ടിക്കറ്റ് നിരക്ക്, പ്രവേശന സമയം എന്നിവ നിലവിലുണ്ടായിരുന്നതുപോലെ ആയിരിക്കും. (പ്രവേശ സമയം രാവിലെ 7 മുതൽ 10 വരെയും വൈകുന്നേരം 3 മുതൽ 5 മണിവരെയും). ഒരു ദിവസം പരമാവധി 60 വാഹനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ. സഞ്ചാരികൾ നിർബന്ധമായും മാസ്‌ക്ക് ധരിക്കണം. താമസ സൗകര്യം നൽകുന്നതല്ല. പനി, ചുമ തുടങ്ങി ഏതെങ്കിലും വിധത്തിലുള്ള രോഗമോ, രോഗ ലക്ഷണങ്ങളോ ഉള്ളവരെ പ്രവേശിപ്പിക്കില്ല. 10 വയസിൽ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവരേയും പ്രവേശിപ്പിക്കില്ല.
ടിക്കറ്റ് കൗണ്ടറിൽ സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് എടുക്കുന്നതിന് മുമ്പ് ടൂറിസ്റ്റുകളെ തെർമ്മൽ സ്‌കാനിംഗിന് വിധേയമാക്കും. ടൂറിസ്റ്റുകൾ പേര് വിവരവും മൊബൈൽ നമ്പറും ടൂറിസം കൗണ്ടറിൽ നൽകണം. ടിക്കറ്റ് കൗണ്ടറിൽ സാനിറ്റൈസർ, സോപ്പ്, ഹാൻഡ് വാഷ്, വെള്ളം എന്നിവ ലഭ്യമാക്കും. സന്ദർശകർ ഗൈഡിന്റെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടതും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്. ഇക്കോടൂറിസം കേന്ദ്രത്തിന് മുമ്പിലോ സമീപത്തോ കൂട്ടം ചേർന്ന് നിൽക്കാൻ അനുവദിക്കില്ല. സഞ്ചാരികളെ ഇക്കോടൂറിസം കേന്ദ്രത്തിലുള്ള ഒരു വ്യക്തിയുമായും ഇടപഴകാൻ സമ്മതിക്കില്ല.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് രാവിലെ മുതൽ മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം സെന്ററുകളിൽ സഞ്ചാരികൾക്ക് പ്രവേശനം നൽകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയതായി വയനാട് വൈൽഡ്‌ലൈഫ് ഡിവിഷൻ
ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.