കൽപ്പറ്റ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലയിൽ 'ഡീപ്പ് ക്ലീൻ വയനാട്' എന്ന പേരിൽ മഹാശുചീകരണ യജ്ഞത്തിനൊരുങ്ങുകയാണ് കുടുംബശ്രീ ജില്ലാ മിഷൻ. ജില്ലയിലെ ഒന്നര ലക്ഷം അയൽക്കൂട്ടങ്ങളും കുടുംബാംഗങ്ങളും ചേർന്ന് വീടും പരിസരവും വൃത്തിയാക്കി അണുനശീകരണ പ്രക്രിയയുടെ ഭാഗമാവും.
ആഗസ്റ്റ് 23 ന് ഞായറാഴ്ചയാണ് ജില്ലയിലുടനീളം ശുചീകരണ പ്രവർത്തനം നടത്തുക. കൊവിഡ് വ്യാപനം തടയുന്നതിന് ജില്ലാ ഭരണകൂടം നടത്തുന്ന പ്രവർത്തനത്തിൽ സഹായിക്കുകയാണ് ലക്ഷ്യം.
ഓരോ അയൽക്കൂട്ടാംഗവും സ്വന്തം വീട്ടിലെ മുഴുവൻ സ്ഥലവും ഉപകരണങ്ങളും അണുനശീകരണവും ക്ലോറിനേഷനും നടത്തും. പ്രതിരോധ ഗുളികകളുടെയും ആയുർവേദ മരുന്നുകളുടേയും വിതരണവും നടത്തും. ബസ് സ്റ്റോപ്പ്, പാലളക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളും വൃത്തിയാക്കും. കിടപ്പു രോഗികൾ, മറ്റ് അസുഖ ബാധിതർ, വയോജനങ്ങളുടെ വീടുകൾ എന്നിവ വൃത്തിയാക്കുന്നതിന് അയൽക്കൂട്ടാംഗങ്ങൾ നേതൃത്വം നൽകും. പട്ടിക വർഗ ഊരുകളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് സി.ഡി.എസിനൊപ്പം ട്രൈബൽ അനിമേറ്റർമാരും നേതൃത്വം നൽകും.
നിലവിൽ കുടംബശ്രീ ഹരിത കർമ്മ സേനയും വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളും കൊവിഡ് ബാധിത പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്.
പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ അംഗങ്ങളും വീട്ടിലേക്ക് പ്രവേശിക്കുന്നവരെ സ്വീകരിക്കുന്നത് ഹാൻഡ് വാഷ് നൽകി കൈകഴുകി കൊണ്ടായിരിക്കും. ഇത് സംസ്‌കാരത്തിന്റെ ഭാഗമാക്കി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ വിപുലമാക്കാനും കുടുംബശ്രീ ലക്ഷ്യം വെക്കുന്നുണ്ട്.
*ടെണ്ടർ ക്ഷണിച്ചു*
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷനിൽ എസ്.ടി കുട്ടികൾക്കു വേണ്ടി ഓൺലൈനായി പി.എസ്.സി കോച്ചിംഗ് സംഘടിപ്പിക്കുന്നതിന് അംഗീകൃത സെന്ററുകൾ/ഏജൻസികളിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിലാണ് ടെണ്ടർ സമർപ്പിക്കേണ്ടത്. അവസാന തിയതി സെപ്തംബർ 4. വിവരങ്ങൾക്ക് ഫോൺ: 04936 206589.
*ലേലം*
പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അമ്പലവയൽ സെക്ഷന്റെ ഉടമസ്ഥതയിലുള്ള കാലി ടാർ ബാരൽ ഇന്ന് (ആഗസ്റ്റ് 19) രാവിലെ 11 ന് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിൽ ലേലം ചെയ്യും. ഏതെങ്കിലും കാരണത്താൽ ലേലം നടക്കാതിരുന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുമെന്ന് അസി. എഞ്ചിനീയർ അറിയിച്ചു. ഫോൺ.04936 261707
സാക്ഷ്യപത്രം ലഭ്യമാക്കണം
തവിഞ്ഞാൽ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ നിന്ന് തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന അർഹരായ എല്ലാവരും വരുമാന സർട്ടിഫിക്കറ്റ്, ആധാർ നമ്പർ ലിങ്ക് ചെയ്ത ബാങ്ക് പാസ്സ് ബുക്ക് പകർപ്പ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, റേഷൻ കാർഡ്, എം.ജി.എൻ.ആർ.ഇ.ജി.എസ് തൊഴിൽ കാർഡ് എടുത്തിട്ടില്ല എന്ന സാക്ഷ്യപത്രം എന്നിവ 24 ന് 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.