സുൽത്താൻ ബത്തേരി: കേന്ദ്ര പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനം സംബന്ധിച്ച് കേരളത്തിന്റെ നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രിയോടും സംസ്ഥാനത്തെ എം.പി.മാരോടും എം.എൽ.എ മാരോടും പരിസ്ഥിത പ്രവർത്തകരും സംഘടനകളും ആവശ്യപ്പെട്ടു.
അതിതീവ്ര മഴയും പശ്ചിമഘട്ട മലനിരകളിലെ തെറ്റായ ഭൂവിനിയോഗവും കേരളത്തിനും ഇന്ത്യയുടെ ഇതര പ്രദേശങ്ങൾക്കും ദുരന്തങ്ങളുണ്ടാക്കുകയാണ്.
പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് നയങ്ങളും നിയമങ്ങളും നടപടികളും ശക്തിപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഇതിന് കടകവിരുദ്ധമായ നിലപാടുകളാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടു വിജ്ഞാപനത്തിലുള്ളത്. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി നിയമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലക്ഷ്യങ്ങളെയും അന്തസ്സത്തയെയും തകർക്കുന്ന വ്യവസ്ഥകൾ കരടു വിജ്ഞാപനത്തിൽ ഉണ്ട്. മൂന്ന് ആവശ്യങ്ങളാണ് പരിസ്ഥിതി സംഘടനകൾ ഉന്നയിക്കുന്നത്.
കരടു വിജ്ഞാപനം പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന് കത്തയയ്ക്കണം.
പുതിയ വിജ്ഞാപനമോ നിയമമോ കൊണ്ടുവരാനായി ഒരു വിദഗ്ദ സമിതിയെ പ്രഖ്യാപിക്കണമെന്നും സമിതിയുടെ റിപ്പോർട്ട് പാർലമെന്റും നിയമസഭകളും പഞ്ചായത്തുകളും ഗ്രാമസഭകളും പരിസ്ഥിതി സാമൂഹ്യ സംഘടനകളും പൊതുസമൂഹവും ചർച്ച ചെയ്യണമെന്നും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടണം.
കരടു വിജ്ഞാപനത്തെകുറിച്ച് സംസ്ഥാന സർക്കാറിന്റെ നയം രൂപപ്പെടുത്തുന്നതിനും കേരളത്തിൽ നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുമായി പരിസ്ഥിതി വിദഗ്ദരും ശാസ്ത്രജ്ഞരും അടങ്ങിയ ഒരു വിദഗ്ദ സമിതി രൂപീകരിക്കണം.
ബി.സുഗതകുമാരി, പ്രഫ: എം.കെ.പ്രസാദ്, ഡോ: വി.എസ്. വിജയൻ, ടി.പി.പത്മനാഭൻ (സീക്ക് പയ്യന്നൂർ), പ്രഫ: എ.ബിജുകുമാർ (യൂണിവേഴ്സിറ്റി ഓഫ് കേരള), പ്രഫ: കുസുമം ജോസഫ് (എൻ.എ.പി.എം), ടോണി തോമസ്സ് (ഒൺ എർത്ത് ഒൺലൈഫ്), എൻ.ബാദുഷ (വയനാട് പ്രകൃതിസംരക്ഷണ സമിതി), എസ്.ഉഷ (തണൽ), എസ്.അനിത (ട്രീ വാക്ക് തിരുവനന്തപുരം) ,എസ്.പി.രവി (ചാലക്കുടിപ്പുഴ സംരക്ഷണ സമിതി), ആർ.ശ്രീധർ (സേവ് ഔർ റൈസ് ക്യാമ്പയിൻ), ഭാസ്‌കരൻ വെള്ളൂർ (പരിസ്ഥിതി ഏകോപന സമിതി,കണ്ണൂർ), കെ.രാജൻ (പരിസ്ഥിതി ഏകോപന സമിതി), അഡ്വ.എൽ.നമശ്ശിവായൻ (കെ.എൻ.എച്ച്.എസ്സ്), സത്യൻ മേപ്പയ്യൂർ (എം.എൻ.എച്ച്.എസ്സ്) ,ജോൺ പെരുവന്താനം (പശ്ചിമഘട്ട ഏകോപന സമിതി), പുരുഷൻ ഏലൂർ (പെരിയാർ മലിനീകരണ വിരുദ്ധ സമിതി) , എം.എൻ.ജയചന്ദ്രൻ (പരിസ്ഥിതി സമിതി), എസ്.ഉണ്ണിക്കൃഷ്ണൻ (റിവർ റിസർച്ച് സെന്റർ തൃശ്ശൂർ), കെ.സുലൈമാൻ(ഫയർ ഫ്രീ ഫോറസ്റ്റ്), ജയപ്രകാശ് (നിലമ്പൂർ പ്രകൃതി പഠന കേന്ദ്രം), പി.സുന്ദരരാജ് (മലപ്പുറം), റഹീം തലനാട് (കോട്ടയം) എന്നിവരാണ് ഇതുസംബന്ധിച്ച നിവേദനത്തിൽ ഒപ്പുവച്ചത്.