gandhi

കോഴിക്കോട്:ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ മഹാത്മാ ഗാന്ധി കേരളത്തിൽ ആദ്യമായി എത്തിയതിന്റെ നൂറാം വാർഷികദിനത്തിൽ ആദരമർപ്പിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി.

കോൺഗ്രസിന്റെ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിന് ഊർജ്ജം പകർന്ന് 1920 ആഗസ്റ്റ് 18ന് ഗാന്ധിജി തീവണ്ടിയിറങ്ങിയ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നേതാക്കളും പ്രവർത്തകരും സ്‌മൃതിപുഷ്പങ്ങൾ അർപ്പിച്ചു.

ഡി സി സി യുടെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ചിത്രത്തിനു മുന്നിൽ നടത്തിയ പുഷ്പാർച്ചനയ്ക്ക് പിറകെ ഒരുക്കിയ സ്‌മൃതിസദസ് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ പ്രചാരണാർത്ഥം ആദ്യമായി കേരളത്തിൽ വന്ന ഗാന്ധിജി ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തിന് വ്യത്യസ്ത സമരധാരകളെ കൂട്ടിയിണക്കുകയായിരുന്നുവെന്ന് ഡോ. മുനീർ പറഞ്ഞു. നൂറു വർഷത്തിനു ശേഷം മതേതരത്വത്തിന് വെല്ലുവിളി നേരിടുന്ന പുതിയ സാഹചര്യത്തിൽ അത്തരം കൂട്ടിയിണക്കലിലൂടെ പോരാട്ടം നയിക്കാൻ കോൺഗ്രസിന് കഴിയണം. ഗാന്ധിസ്മൃതികൾ അതിനുള്ള ഊർജമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ വരവിലും അളവറ്റ ആവേശവും സ്വീകാര്യതയും ഗാന്ധിജിയ്ക്ക് ലഭിച്ചതിന്റെ പ്രതിഫലനം മലബാറിലെയും കേരളത്തിലെയും സ്വാതന്ത്ര്യസമര മുഖത്ത് പ്രകടമായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ എം.കെ. രാഘവൻ എം.പി പറഞ്ഞു. കൗമുദിയെന്ന കൊച്ചു പെൺകുട്ടി സ്വർണാഭരണം ഊരി നൽകിയതുൾപ്പെടെ അതിന് തെളിവാണ്. ഗാന്ധിജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തിൽ ഉചിതമായ സ്മാരകം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിഘാതകർ ഭരണകൂടത്താൽ വാഴ്ത്തപ്പെടുന്ന മണ്ണിൽ ഗാന്ധിജിയുടെ പാരമ്പര്യവും മൂല്യവും മുറുകെ പിടിച്ചുള്ള പോരാട്ടത്തിനാണ് കോൺഗ്രസ് സജ്ജമാകുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖ് പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ. പ്രവീൺകുമാർ, അഡ്വ.പി.എം. നിയാസ്, ഡി.സി.സി ജനറൽ സെക്രട്ടറി രമേശ് നമ്പിയത്ത്, എൻ.സി. അബൂബക്കർ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ.വി.ടി. നിഹാൽ തുടങ്ങിയവർ സംസാരിച്ചു.