senior
പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് എൺപത് വയസ് കഴിഞ്ഞവരിലെ ഓക്സിജൻ പരിശോധിക്കാനായി അദ്ധ്യാപകരെ ഡോ. വിജേഷ് പരീശീലിപ്പിക്കുന്നു

വടകര: കൊവിഡ് വ്യാപനം വൃദ്ധരെ ആശങ്കയിലാക്കുന്നതോടെ കണക്കെടുപ്പും ഓക്സിജൻ പരിശോധനയുമായി അഴിയൂർ പഞ്ചായത്ത്. അഴിയൂരിൽ നൂറ് വയസ് കടന്ന ഒരാളും അറുപത് പിന്നിട്ട 3156 പേരും ഉണ്ടെന്നാണ് കണക്ക്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച അംഗൻവാടി ടീച്ചർമാരും അദ്ധ്യാപകരും വിവരങ്ങൾ ശേഖരിച്ചു.

എൺപത് തികഞ്ഞ 347 പേരുടെ ശരീരത്തിലെ ഓക്സിജൻ പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് അംഗൻവാടി ടീച്ചർമാർ പരിശോധിക്കും. മീറ്ററിൽ 95 ൽ കുറവ് രേഖപ്പെടുത്തിയവരുടെ വിവരം മെഡിക്കൽ ഓഫീസർക്ക് നൽകും. 95ൽ കുറവായാൽ ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു എന്നാണ് അനുമാനം. പൾസ് ഓക്സിമീറ്റർ ഒരാൾ പഞ്ചായത്തിന് സംഭാവനയായി നൽകുകയായിരുന്നു. ഉപയോഗിക്കേണ്ട രീതി കൊവിഡ് ചുമതലയുള്ള അദ്ധ്യാപകരെ കുഞ്ഞിപള്ളിയിലെ ഡോ. വിജേഷ് പരിശീലിപ്പിച്ചു. അദ്ധ്യാപകരാണ് അംഗൻവാടി ടീച്ചർമാർക്ക് ഓൺലൈനിലൂടെ പരിശീലനം നൽകുക. ഓക്സിജന്റെ അളവ് കുറയുന്നവർക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള മെഡിക്കൽ സഹായം ലഭ്യമാക്കും. പഞ്ചായത്ത് ഓഫീസിലെ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, കൊവിഡ് ഡ്യൂട്ടിക്ക് നിയമിച്ച അദ്ധ്യാപകർ, തിരഞ്ഞെടുത്ത അംഗൻവാടി ടീച്ചർമാർ എന്നിവർ സംബന്ധിച്ചു. കണ്ടയ്ൻമെന്റ് സോണായ പതിനാലാം വാർഡിൽ പിന്നീട് പ്രവർത്തനം നടത്തും.

100 വയസ് കടന്ന്-1

90-100 വയസ്- 29

80-90 വയസ്-317

60- 80 വയസ്-2809