കോഴിക്കോട്: പച്ചപ്പ് നിറഞ്ഞ ഈ തിരൂർ റെയിൽവേ സ്റ്റേഷൻ കണ്ടുനോക്കൂ; അതിമനോഹരമല്ലേ...
പൂക്കളും ചെടികളുമെല്ലാമായി അണിഞ്ഞൊരുങ്ങിയ തിരൂർ സ്റ്റേഷനിലേക്ക് ശ്രദ്ധ ക്ഷണിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്ററിൽ മൂന്നു ഫോട്ടോകൾ സഹിതം കുറിപ്പ് വന്നത് തിങ്കളാഴ്ചയാണ്. പൂച്ചെടികളും മറ്റുള്ളവയും നന്നായി പരിപാലിക്കപ്പെടുന്നുവെന്ന് മാത്രമല്ല അവയ്ക്ക് സ്ഥാനം നിർണയിച്ചതിൽ പോലുമുണ്ട് ചാരുത.
സ്റ്റേഷന്റെ സൗന്ദര്യവത്കരണത്തെ അഭിനന്ദിച്ച് രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് ട്വിറ്ററിൽ കമന്റുകളുടെ പ്രവാഹമാണ്. മറ്റു സ്റ്റേഷനുകൾക്കു ഇത് മാതൃകയാണെന്ന് ചൂണ്ടിക്കാണിക്കുന്നവരും കുറച്ചൊന്നുമല്ല.
കൊവിഡ് വ്യാപനം നീങ്ങിക്കിട്ടിയാൽ ഈ സ്റ്റേഷൻ കാണാൻ വേണ്ടി മാത്രം താൻ തിരൂരിലെത്തുമെന്നാണ് ഒരാളുടെ കമന്റ്. ദേശീയ മാദ്ധ്യമങ്ങളിലും തിരൂർ സ്റ്റേഷൻ വാർത്തയായിക്കഴിഞ്ഞു.