കോഴിക്കോട്: ഇന്റർനെറ്റ് തകരാർ കാരണം റേഷൻ വിതരണം ഭാഗികമായി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ ഇന്ന് കരിദിനം ആചരിക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു. നേരത്തെ കടയടപ്പ് സമരം നടത്താനായിരുന്നു തീരുമാനം. പ്രശ്ന പരിഹാരം ഉടനെ ഉണ്ടാകുമെന്നും കടകളിൽ കൂടുതൽ സിഗ്‌നൽ ലഭിക്കുന്ന കമ്പനിയുടെ സിംകാർഡ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ നൽകിയ ഉറപ്പിനെ തുടർന്നാണ് കടയടപ്പ് സമരം മാറ്റിയതെന്ന് സംയുക്ത സമരസമിതി നേതാക്കളായ അഡ്വ. ജോണി നെല്ലൂർ, കാടാമ്പുഴ മൂസ, ടി. മുഹമ്മദാലി, അഡ്വ. സുരേന്ദ്രൻ, ഇ.അബൂബക്കർ ഹാജി തുടങ്ങിയവർ അറിയിച്ചു. ഓണം, കൊവിഡ് വ്യാപന സമയത്തെ ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ എന്നിവ കൂടി പരിഗണിച്ചാണ് തീരുമാനം.