jail1
കോഴിക്കോട് ജില്ലാ ജയിൽ

കോഴിക്കോട്: തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് പടർന്നതോടെ ഇവിടെ ഉയർന്ന ആശങ്കയ്ക്ക് തത്കാലത്തേക്കെങ്കിലും ശമനം. കോഴിക്കോട് ജില്ലാ ജയിൽ തീർത്തും കൊവിഡ് മുക്തമെന്ന് പരിശോധനയിൽ വ്യക്തമായി.

കഴിഞ്ഞ ദിവസം മുഴുവൻ തടവുകാർക്കും ജയിൽ ജീവനക്കാർക്കുമായി മെഗാ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്തില്ലെന്നത് ഉദ്യോഗസ്ഥർക്കും തടവുകാർക്കും ഒരു പോലെ ആശ്വാസം പകർന്നിരിക്കുകയാണ്.

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാർക്കും ജയിൽ ഉദ്യോഗസ്ഥർക്കും കൊവിഡ് വ്യാപകമായ സാഹചര്യത്തിലാണ് എല്ലാ പ്രധാന ജയിലുകളിലും പരിശോധനയ്ക്ക് ജയിൽ ഡി.ജിപി സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകിയത്. ഇവിടെ 206 പേരെയാണ് കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയത്.

ജില്ലാ ജയിലിൽ 65 വയസ് കഴിഞ്ഞ അഞ്ച് തടവുകാരാണുള്ളത്. കൊവിഡ് പടരുന്ന സാഹചര്യത്തിൽ 65 കഴിഞ്ഞ തടവുകാരെ സ്വന്തം ജാമ്യത്തിൽ വിട്ടയക്കാമെന്ന സർക്കാർ നിർദ്ദേശം അനുസരിച്ച് ഇവർക്ക് അവധിയ്ക്ക് അർഹതയുണ്ട്. ഇവരുടെ പട്ടിക ഉടൻ ജയിൽ ഡി.ജി.പി യ്ക്ക് കൈമാറും. സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവരെ ജാമ്യത്തിൽ വിടും.

 അനുഗ്രഹമായത്

മുൻകരുതൽ

കൊവിഡിനെ പ്രതിരോധിക്കാൻ ജില്ലാ ജയിൽ അധികൃതർ തുടക്കത്തിൽ തന്നെ കടുത്ത മുൻകരുതൽ കൈക്കൊണ്ടിരുന്നു. സന്ദർശകർക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി.കൈ കഴുകി, സാനിറ്റൈസർ കൂടി ഉപയോഗിച്ച് അണുമുക്തമാക്കിയ ശേഷം മാത്രമെ തടവുകാരെ കാണാൻ സന്ദർശകർക്ക് അനുമതിയുള്ളൂ.

പ്രതികളെ കോടതികളിൽ ഹാജരാക്കുന്നത് പരമാവധി ഒഴിവാക്കിയിരിക്കുകയാണ്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതി നടപടികൾ. ആദ്യമായി റിമാൻഡ് ചെയ്യപ്പെടുന്നവരെ നേരിട്ട് ജയിലിലേക്ക് വിടുന്നില്ല. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പാർപ്പിച്ച ശേഷം കൊവിഡ് ടെസ്റ്റിന് വിധേയരാക്കി, രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയേ തടവുപുള്ളികളെ ജയിലുകളിൽ പ്രവേശിപ്പിക്കുന്നുള്ളൂ.

പക്ഷേ, പ്രത്യേകിച്ച് സുരക്ഷാ സൗകര്യമില്ലാത്ത കേന്ദ്രങ്ങളിൽ തടവുകാരെ പാർപ്പിക്കുന്നത് ജയിൽ ജീവനക്കാർക്ക് പൊല്ലാപ്പിനുമിടയാക്കിയിരുന്നു. പ്രതികൾ രക്ഷപ്പെട്ട സംഭവങ്ങൾ ഒന്നിലേറെയുണ്ടായി.