കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപയുടെ ധനസഹായവുമായി പ്രവാസി വ്യവസായി. യു.എ.ഇ വാണിജ്യ മേഖലയിൽ 'മസാല കിംഗ് ' എന്നറിയപ്പെടുന്ന അൽ ആദിൽ ട്രേഡിംഗ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ധനഞ്ജയ് ദത്താറാണ് ധനസഹായം നൽകുന്നത്. നഷ്ടപ്പെട്ട ജീവന് പകരമാവില്ലെങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്ന് ഡോ.ധനഞ്ജയ് ദത്താർ പറഞ്ഞു.
നേരത്തെ കൊവിഡ് കാരണം വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ധനസഹായം നൽകിയിരുന്നു. 3800 ഓളം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സഹായിച്ച ഇദ്ദേഹത്തെ കേന്ദ്രസർക്കാരും അഭിനന്ദിച്ചു. പ്രവാസികൾക്ക് യാത്ര ടിക്കറ്റ് മാത്രമല്ല കൊവിഡ് ടെസ്റ്റ് നടത്താനുള്ള തുകയും ഭക്ഷണ കിറ്റുകളും ക്വാറന്റൈൻ സൗകര്യവും മഹാരാഷ്ട്രക്കാരനായ ഡോ. ദത്താർ നൽകിയിരുന്നു.