പേരാമ്പ്ര: ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സമിതി രഹസ്യമായി വയ്ക്കുന്നതായി പരാതി. നിലവിലെ നിയമമനുസരിച്ച് സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതിയുടെയും സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതിയുടെയും യോഗങ്ങൾ, അജണ്ട എന്നിവ 'പരിവേഷ് ' വെബ് പോർട്ടറിൽ അപ്പ് ലോഡ് ചെയ്യും. സൈറ്റ് സന്ദർശിച്ചാൽ പൊതുജനങ്ങൾക്ക് കാണാനും കഴിയും. എന്നാൽ ജൂൺ ഒന്ന് മുതൽ ചെങ്ങോടുമലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അജണ്ടയിലുണ്ടെങ്കിലും സൈറ്റിൽ അപ്‌ലോഡ് ചെയ്യാറില്ല. ഈ മാസം 12 മുതൻ 14 വരെ നടന്ന യോഗത്തിൽ ജില്ലയിലെ മറ്റ് നാല് ക്വാറികൾക്ക് പാരിസ്ഥിതികാനുമതി അപേക്ഷ പരിഗണിക്കുമെന്ന് അജണ്ടയിലുണ്ട്. ഇത് വെബ് സൈറ്റിൽ ലഭ്യവുമാണ്. എന്നാൽ സൈറ്റിൽ നൽകാതെ 14 ന് ചെങ്ങോടുമല വിഷയം സമിതി പരിഗണിച്ചതായി പറയുന്നു. രാജസ്ഥാൻ ആസ്ഥാനമായ ഒരു ഏജൻസി നടത്തിയ പാരിസ്ഥിതികാഘാത പഠന റിപ്പോർട്ട് ക്വാറി കമ്പനി സമിതി മുമ്പാകെ സമർപ്പിച്ചിരുന്നു. ഇത് യോഗത്തിൽ തള്ളിയെന്നാണ് അറിയുന്നത്. ക്വാറി കമ്പനി നിയോഗിച്ച ഏജൻസിയുടെ റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. വിദഗ്ധ വിലയിരുത്തൽ സമിതിയിലെ രണ്ട് അംഗങ്ങൾ ക്വാറി മുതലാളിയുടെ കൂടെ ചെങ്ങോടുമല സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടും തള്ളണമെന്നാണ് ഖനന വിരുദ്ധ ആക്ഷൻ കൗൺസിലിന്റെ ആവശ്യം.