മുക്കം: ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മുക്കം നഗരസഭ ഇന്നലെ നടത്തിയ പരിശോധനയിൽ രണ്ടു പേർക്ക് കൂടി കൊവിഡ് പോസിറ്റീവ് കണ്ടെത്തി. 175 പേർക്ക് നടത്തിയ ടെസ്റ്റിലാണ് മുക്കം ബസ് സ്റ്റാൻഡിലെ ബ്രീസ് കൂൾബാർ, പൂളപൊയിൽ അങ്ങാടിയിലെ മദീന സ്റ്റോർ എന്നിവയിലെ ഓരോ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്. ഈ രണ്ടു സ്ഥാപനങ്ങളിലും ഈ മാസം ആറിനുശേഷം ബന്ധപ്പെട്ടവർ മുക്കം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2297133.
മണാശ്ശേരി ഗവ. യു.പി സ്കൂളിലാണ് ക്യാമ്പ് നടത്തിയത്.
പരിമിത സൗകര്യം ഉപയോഗിച്ച് നടത്തുന്ന ക്യാമ്പിൽ മുന്നൂറോളം ആളുകൾ കൂട്ടമായി എത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. മുക്കം സി.എച്ച്.സിയിലെ ക്യാമ്പ് ഈ പരാതിയെ തുടർന്നാണ് മണാശ്ശേരി സ്കൂളിലേയ്ക്ക് മാറ്റിയത്. രണ്ടിടത്തും ആളുകൾ പത്തു മണിക്ക് മുമ്പ് എത്തിയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് പരിശോധന ആരംഭിച്ചത്.