നാദാപുരം: നാദാപുരം മേഖലയിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സമ്പർക്കത്തിൽ രോഗം വന്നവർ പതിനൊന്നായി. ചെക്യാട് പഞ്ചായത്തിൽ മാത്രം അഞ്ച് കുട്ടികൾ അടക്കം എട്ട് പേർക്കും നാദാപുരം ഗ്രാമ പഞ്ചായത്തിൽ ഒരാൾക്കും, വാണിമേലിൽ രണ്ട് പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ചെക്യാട് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നടന്ന കോൺഗ്രസ് നേതാവിന്റെ മകന്റെ വിവാഹത്തിൽ വരനും പങ്കെടുത്ത വിവിധ സ്ഥലങ്ങളിലുള്ള നിരവധി പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു .ഇതിന് ശേഷം നിയന്ത്രണം കർശനമാക്കി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച പച്ചക്കറി കട നടത്തുന്നയാളുടെ ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ അഞ്ച് കുട്ടികൾ അടക്കം 8 പേർക്ക് രോഗം ബാധിച്ചു. ഇളവുകൾ വന്നതോടെ കല്ലാച്ചി, നാദാപുരം, കക്കട്ട് ടൗണുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെ നിരത്തിലെത്തുന്ന ആൾക്കൂട്ടം ആശങ്കയുയർത്തുന്നുണ്ട്.