ksrtc-bus-charge

കൽപ്പറ്റ: കൊവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായി കെ.എസ്.ആർ.ടി.സിയുടെ ബോണ്ട് സർവീസ് ജില്ലയിൽ തുടങ്ങി. ബത്തേരി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച ആദ്യ ബോണ്ട് സർവീസിന് സിവിൽ സ്‌റ്റേഷൻ പരിസരത്ത് ജില്ലാ കളക്ടർ ഡോ അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും കലക്ടർ നിർവ്വഹിച്ചു.

സർക്കാർ ജീവനക്കാർ അഞ്ച് മണിക്ക് ജോലി നിർത്തി പോകുന്ന സാഹചര്യങ്ങൾക്ക് മാറ്റം വന്നിട്ടുണ്ടെന്നും പലരും രാത്രി വൈകിയും ജോലിയിൽ വ്യാപൃതരായതിനാൽ അവർക്കു കൂടി സഹായകരമായ രീതിയിൽ സർവീസുകൾ ആരംഭിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു.

നിശ്ചിത ദിവസത്തേക്ക് മുൻകൂട്ടി പണമടച്ച് ലഭിക്കുന്ന ബോണ്ട് ട്രാവൽ കാർഡ് ഉപയോഗിച്ചാണ് യാത്ര സൗകര്യം ഒരുക്കുന്നത്. 5, 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂട്ടി അടച്ച് കാർഡുകൾ എടുക്കാം. 10 ദിവസത്തേക്കുള്ള പണമടച്ചു കാർഡ് വാങ്ങുന്നവർക്ക് തുടർന്നുള്ള ഇരുപത് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ യാത്ര ചെയ്യാം. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ബോണ്ട് സംവിധാനം ലഭ്യമാകും. ഇവർക്ക് ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മുമ്പിൽ നിന്ന് തന്നെ ബസ് കയറാനും ഇറങ്ങാനുമാവും. ബസ് റൂട്ട് ആണെങ്കിൽ ബസ് സ്റ്റോപ്പിൽ പോവാതെ സ്വന്തം വീടിന് സമീപത്തു നിന്നുതന്നെ കയറാം.

യാത്രക്കാർക്ക് ബസിൽ സൗജന്യ വൈഫൈ ലഭിക്കും. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യാത്രക്കാരുടെ ഇരുചക്ര വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് സൗകര്യവും ലഭിക്കും. മറ്റു യാത്രക്കാരെ ബസിൽ അനുവദിക്കാത്തതിനാൽ കൂടുതൽ സ്റ്റോപ്പുകൾ ഉണ്ടാവില്ല.

നിലവിൽ ബത്തേരിയിൽ നിന്നും കല്പറ്റയിലേക്കാണ് ബോണ്ട് സർവീസ് ആരംഭിച്ചിട്ടുള്ളത്. ബത്തേരി പുൽപള്ളി, മാനന്തവാടി കൽപ്പറ്റ, പുൽപള്ളി കേണിച്ചിറ, അമ്പലവയൽ മീനങ്ങാടി സിവിൽ സ്റ്റേഷൻ തുടങ്ങിയ റൂട്ടുകളിലേക്കും സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ് കോഓർഡിനേറ്റർ സി.കെ.ബാബു അറിയിച്ചു. ബോണ്ട് സർവീസ് യാത്ര ഉപയോഗിക്കുന്നവർക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആർ.ടി.സി ബോർഡ് മെമ്പർ സി.എം ശിവരാമൻ, നോർത്ത് സോൺ സോണൽ ഓഫീസർ സി.വി രവീന്ദ്രൻ, കൽപ്പറ്റ എ.ടി.ഒ പി.കെ പ്രശോഭ്, ബത്തേരി എ.ടി.ഒ കെ. ജയകുമാർ, ആർ.ടി.ഒ എസ്. മനോജ് തുടങ്ങിയവർ പങ്കെടുത്തു.

(ചിത്രം)
കെ.എസ്.ആർ.ടി.സിയുടെ ബോണ്ട് സർവീസ് കൽപ്പറ്റ സിവിൽ സ്‌റ്റേഷൻ പരിസരത്ത് ജില്ലാ കളക്ടർ ഡോ അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു