കൽപ്പറ്റ: താളൂർ നീലഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് രാജ്യത്തെ ആദ്യ സമ്പൂർണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എനേബിൾഡ് കാമ്പസ് പദവിയിലേക്ക്. ഡിജിറ്റൽ ഇന്ത്യ ഡിജിറ്റൽ കാമ്പസ് പദ്ധതിയുടെ ഭാഗമായാണ് ആർട്ടിഫിഷ്യൽ ഇന്റലിജന്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ് വൽകൃത കാമ്പസ് ആയി നീലഗിരി കോളേജ് മാറുന്നത്.
ദുബൈ ആർട്ടിഫിഷ്യൽ ഇന്റലിജന്സ് മന്ത്രാലയത്തിന് കീഴിലെ ഇന്നവേഷന് ഫ്‌ളോറുമായിസഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജനുവരി ആദ്യ വാരത്തിൽ കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും ദുബൈ ഇന്നവേഷൻ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഔപചാരിക ഉദ്ഘാടനം നടക്കും. അഞ്ചുകോടിയോളം രൂപ ചെലവിൽ സ്‌കിൽ ഇന്ത്യസ്‌കിൽ കാമ്പസ്, ഫിറ്റ്ഇന്ത്യ ഫിറ്റ് കാമ്പസ്, ഡിജിറ്റൽ ഇന്ത്യഡിജിറ്റൽ കാമ്പസ് എന്നിങ്ങനെ മൂന്നുമിഷനുകൾക്കാണ് ഈ അദ്ധ്യയന വർഷം തുടക്കമിടുന്നതെന്ന് മാനേജിംഗ് ഡയരക്ടർ റാഷിദ് ഗസ്സാലി വാർത്താസമ്മേളനത്തില് പറഞ്ഞു.
ജിയോയുമായിസഹകരിച്ച് 30 ഏക്കർ ക്യാംപസിൽ ഓപൺവൈഫൈ, ഡിജിറ്റൽ കാമ്പസ്, സ്മാർട്ട് ക്ലാസുകൾ, ഓൺലൈൻ പഠനം, എ.പി.ജെ കലാം ലൈബ്രറി തുടങ്ങിയ പദ്ധതികളുടെപ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.
ബിരുദത്തിനൊപ്പം വിദേശരാജ്യങ്ങളിലും അന്താരാഷ്ട്ര കമ്പനികളിലും തൊഴിൽ നേടാൻ കഴിയുന്ന അധികകോഴ്സുകളും വിർച്ച്വൽ ഇന്റേൺഷിപ്പും ലഭ്യമാക്കും.
25 ഏക്കറിൽ ഓർഗാനിക് കൃഷി, നഴ്സറി,ഗാർഡൻ എന്നിവ നടപ്പിലാക്കും.
കൊവിഡ് അവധിക്കാലത്ത് അദ്ധ്യാപകരും സ്ഥാപനമേധാവികളും ചേർന്ന് 10 ഏക്കർ കൃഷിയും നഴ്സറിയും നടപ്പാക്കി.

ഭാരതിയാർ യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജിൽ ബികോം, ബിബിഎ, ബിഎസ്‌സി ഫിസിക്സ്, ബിഎസ് സി കമ്പ്യൂട്ടർ സയൻസ്, ബിസിഎ, ബിഎസ്‌സി സൈക്കോളജി,ബിഎ ഇംഗ്ലീഷ് എന്നീ ബിരുദകോഴ്സുകളും എംകോം,എംഎ ഇംഗ്ലീഷ്, എംഎസ്‌സികമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദാനന്തര കോഴ്സുകളുമാണുള്ളത്.
പ്ലസ് ടുപരീക്ഷയിൽ 90 ശതമാനത്തിനുമുകളിൽ മാർക്ക് നേടുന്ന 50 വിദ്യാർത്ഥികൾക്ക്‌ കോളേജിൽ തുടർപഠനത്തിന് സ്‌കോളർഷിപ്പ് ലഭിക്കും.
ഒന്നാംവർഷ വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസുകൾ സെപ്തംബർ 9 ന് ആരംഭിക്കും.
ഡീൻ പ്രൊഫ. ടി.മോഹൻ ബാബു, പ്രിൻസിപ്പൽ ഡോ. എം. ദുരൈ, പി.ടി.എ പ്രസിഡന്റ് ജോസ് കുര്യൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.