farm

കോഴിക്കോട്: മുമ്പ് അന്യസംസ്ഥാന വൻകിട കോഴി ഫാമുകാരുടെ ലോബി. ഇപ്പോഴാണെങ്കിൽ നാട്ടിലെ ഇടനിലക്കാരുടെ തള്ളിച്ച. സംസ്ഥാനത്തെ ചെറുകിട കോഴി കർഷകർക്ക് പാര ഒഴിഞ്ഞ നേരമില്ല.

കൊവിഡ് വ്യാപനം കൂടിയതോടെ തമിഴ്നാട്ടിലെ വൻകിട ഫാമുകളിൽ നിന്ന് കോഴി വരവ് കാര്യമായി കുറഞ്ഞിട്ടുണ്ട്. നാടൻ കർഷകരെ രംഗത്ത് നിന്നു പുറന്തള്ളാൻ നേരത്തെ ഇക്കൂട്ടരാണ് ഏറെ അടവുകൾ പയറ്റിയിരുന്നതെങ്കിൽ ഇപ്പോൾ ഇവിടങ്ങളിലെ ഇടനിലക്കാരുടെ കൂട്ടം പരമാവധി വില കുറച്ച് ചൂഷണത്തിനിരയാക്കുകയാണ്.

കേരളത്തിലെ കർഷകർ ന്യായവില പ്രതീക്ഷിച്ച് കോഴി വില്പനയ്ക്ക് ശ്രമിക്കുമ്പോൾ ആസൂത്രിതമായി വില കുറച്ച് നഷ്ടം വരുത്തി ഇവിടത്തെ ചെറുകിടക്കാരെ പിന്മാറ്റുന്ന രീതിയായിരുന്നു വൻകിടക്കാരുടേത്. സംസ്ഥാനത്ത് ഇറച്ചിക്കോഴി ഉല്പാദനം കുറയുന്ന സമയത്ത് വിപണിയിൽ വൻവില സൃഷ്ടിക്കുകയും ചെയ്യും.

ഇപ്പോൾ കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകൾ പരക്കെയെന്നോണമായപ്പോൾ ഇറച്ചിക്കോഴിയ്ക്ക് ഡിമാൻഡ് തീരെ കുറഞ്ഞു. ഹോട്ടലുകൾ പൂട്ടിക്കിടക്കുന്നതാണ് മുഖ്യപ്രശ്നം. വിവാഹങ്ങളും മറ്റു ചടങ്ങുകളുമെല്ലാം ഇരുപത് പേരിലൊതുന്നതോടെ പേരിന് മാത്രമായി.

ഡിമാൻഡിന്റെ കണക്ക് നോക്കിയാൽ, ഇവിടെ ആവശ്യമായി വരുന്ന ഇറച്ചിക്കോഴികളെ പ്രാദേശികമായി തന്നെ വളർത്തുന്നുണ്ട്. അത്യാവശ്യം വരുമാനവും ലഭിച്ചുതുടങ്ങിയിരുന്നു. അതിനിടയിലാണ് ഇടത്തട്ടുകാരുടെ പാര മുറുകുന്നത്. സംസ്ഥാനത്തെ ബഹുഭരിപക്ഷം കോഴി കർഷകരും ചെറുകിടക്കാരോ ഇടത്തരക്കാരോ ആണെന്നിരിക്കെ, അവർക്ക് സ്വന്തമായി മാർക്കറ്റിംഗ് സംവിധാനമൊന്നുമില്ല. വ്യാപാരികളിലെത്തിക്കാൻ ഇടനിലക്കാരെ തന്നെ ആശ്രയിക്കണം. ഈ പഴുതിൽ ഇടനിലക്കാർ ചൂഷണം കടുപ്പിക്കുകയാണ്.

കോഴി വില്പനയ്ക്ക് പാകമായാൽ ഇടനിലക്കാരെ അറിയിക്കുമ്പോൾ അവർ കൃത്യമായി എത്തില്ല. 40 ദിവസമാവുന്നതോടെ ഇറച്ചിക്കോഴികളെ വിറ്റഴിച്ചില്ലെങ്കിൽ പിന്നീട് അവയ്ക്ക് നൽകുന്ന ഓരോ ദിവസത്തെയും തീറ്റയുടെ ചെലവ് നഷ്ടക്കണക്ക് കൂട്ടാനിടയാക്കും. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോഴേക്ക് കർഷകരിൽ ആധി നിറയും. മൂന്നോ നാലോ ദിവസം കഴിഞ്ഞ് എത്തുന്ന ഇടനിലക്കാരൻ പരമാവധി വില കുറച്ചാണ് പറയുക. നിവൃത്തികേടിൽ കർഷകർ ഇടനിലക്കാരൻ നിശ്ചയിക്കുന്ന വിലയ്ക്ക് വിറ്റഴിക്കാൻ നിബന്ധിതരാവുകയാണ്. പക്ഷേ, ഈ വിലക്കുറവിന്റെ മെച്ചം ഒരിക്കലും വ്യാപാരിയ്ക്കോ ഉപഭോക്താവിനോ കിട്ടുന്നില്ല. മാർക്കറ്റ് വില തന്നെ കൊടുക്കണം വ്യാപാരികൾക്ക് കോഴി ലോഡ് വന്നുകിട്ടാൻ. ചുരുക്കത്തിന്റ നേട്ടം മുഴുവൻ ഇടനിലക്കാർക്ക്.

നേരത്തെ വൻകിട ഹോട്ടലുകളുമായി ചില കർഷകർ ധാരണയിലെത്തി പതിവായി വില്പന നടത്തിയിരുന്നു. ഇപ്പോൾ ഇത്തരം ഹോട്ടലുകളൊന്നും പ്രവർത്തിക്കുന്നില്ല. വലിയ ആൾക്കൂട്ടമുണ്ടാവുന്ന വിവാഹച്ചടങ്ങുകൾക്കും ആവശ്യക്കാർ നേരിട്ട് കർഷകരെ സമീപിച്ചിരുന്നതാണ്. അതും തീരെ നിലച്ചിരിക്കുകയാണ്.

കോഴി ഫാം