pig
നിട്ടൂർ പൊന്നേലായിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ചേന കൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ

കുറ്റ്യാടി:കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷി നശിപ്പിച്ചതോടെ സങ്കടത്തിലായിരിക്കുകയാണ് കർഷകർ.ലോക്ക് ഡൗൺ സമയത്ത് ഗ്രാമ പ്രദേശങ്ങളിൽ വ്യക്തികളായും സംഘങ്ങളായും നട്ടുനനച്ച മരിച്ചീനി, ചേന, വാഴ, ചേമ്പ് ഉൾപ്പടെയുള്ള കാർഷിക വിളകളാണ് വ്യാപകമായി നശിപ്പിക്കുന്നത്. നിട്ടൂർ, നടുപ്പൊയിൽ പ്രദേശങ്ങളിലാണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായത്.നിട്ടൂർ പൊന്നേലായിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിയ ചേന ഉൾപ്പടെയുള്ള വിളകൾ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു.നിട്ടൂർ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. കൃഷിക്കും ജനങ്ങൾക്കും ഒരു പോലെ ഭീഷണിയായ കാട്ടുപന്നി ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് കർഷകസംഘം വടയം വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.വിളനശിച്ച കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും സെക്രട്ടറി കെ.ജി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

"പല പ്രദേശങ്ങളും കാടുപിടിച്ച് കിടക്കുന്നത് കാട്ടുപന്നികളുടെയും മുള്ളൻപന്നികളുടെയും വംശ വർദ്ധനവിന് കാരണമായിട്ടുണ്ട്. വന്യമൃഗശല്യം മൂലം വിളനശിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകി വരുന്നുണ്ട്. ഫോറസ്റ്റ് ഓഫീസിൽ നേരിട്ടും അക്ഷയ കേന്ദ്രം വഴിയും അപേക്ഷ സ്വീകരിക്കും. ഭൂമിയുടെ കൈവശ രേഖയുടെ പകർപ്പും നശിച്ച വിളകളുടെ കണക്കും അപേക്ഷയിൽ വ്യക്തമാക്കണം"

കെ. നീതു, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, കുറ്റ്യാടി