police

നാദാപുരം:കൺട്രോൾ റൂം പൊലീസിന്റെ മർദ്ദനമേറ്റ യുവാവും കുടുംബവും പരാതി നൽകാൻ വളയം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പരാതി സ്വീകരിക്കാതെ സ്റ്റേഷനിൽ നിന്ന് പുറത്താക്കിയതായി ആരോപണം. കഴിഞ്ഞ ദിവസമാണ് വാണിമേൽ കാര്യാട്ട് അയ്യപ്പ ക്ഷേത്രത്തിന് സമീപം വാണിമേൽ നെല്ലിയുള്ളതിൽ സുധീഷിന് പൊലീസിന്റെ മർദ്ദനമേറ്റത്. റോഡിലൂടെ നടന്നു പോകവെ നാദാപുരം കൺട്രോൾ റൂം പൊലീസ് മർദ്ദിച്ചതായാണ് പരാതി. തലയ്ക്കും കൈയ്ക്കും അടിയേറ്റ സുധീഷ് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരാതി സ്വീകരിക്കാതെ വന്നപ്പോൾ സ്റ്റേഷനിൽ കുത്തിയിരിപ്പ് നടത്തിയ യുവാവിനെയും കുടുംബത്തെയും സ്റ്റേഷനിൽ നിന്ന് പുറത്താക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ തങ്ങളുടെ പരാതി കേൾക്കാൻ പോലും പൊലീസുകാർ തയ്യാറായില്ലെന്ന് യുവാവിന്റെ അമ്മ പറഞ്ഞു. ഉച്ചയോടെ എ.എസ്.പി ആരോപണ വിധേയരായ രണ്ട് പൊലീസുകാരെ വടകരയിലേക്ക് സ്ഥലം മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്. എന്നാൽ പ്രശ്‌നമുണ്ടായതായി പറയുന്ന പ്രദേശത്ത് ആളുകൾ കൂട്ടംകൂടി മദ്യപിക്കുന്നത് സ്ത്രീകൾ ഉൾപ്പെടെ പരാതി നൽകിയതിനെ തുടർന്ന് പരിശോധന നടത്തുക മാത്രമാണ് ചെയ്തതെന്ന് നാദാപുരം കൺട്രോൾ റൂം പൊലീസ് പറഞ്ഞു.