നാദാപുരം: കഴിഞ്ഞ വർഷം വിലങ്ങാടുണ്ടായ ഉരുൾപൊട്ടലിൽ ഒഴുകിപോയ വാണിമേൽ- നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാക്വായി പാലം പുനർ നിർമ്മാണത്തിന് 2 കോടി 70 ലക്ഷം രൂപ അനുവദിച്ചു. തദ്ദേശഭരണ വകുപ്പ് വഴി കേരള പുനർനിർമ്മാണ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഇ.കെ.വിജയൻ എം .എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് തയ്യാറാക്കിയ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചത്. പാലം ഒലിച്ചുപോയതിനെ തുടർന്ന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ജനങ്ങൾ ഇരു പഞ്ചായത്തുകളിലും എത്തുന്നത്. ഏഴ് മീറ്റർ വീതിയിലും 57 മീറ്റർ നീളത്തിലുമാണ് പാലം പണിയുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ഇ.കെ.വിജയൻ എം.എൽ.എ അറിയിച്ചു.