സ്വകാര്യ മേഖലയിലേതിനെ പോലും വെല്ലുന്ന സംരംഭങ്ങൾ!. എത്ര വലിയ പ്രോജക്ടും സഹകരണ രംഗത്ത് കിടയറ്റ രീതിയിൽ നടപ്പാക്കാനാവുമെന്നതിന്റെ ഉത്തമദൃഷ്ടാന്തങ്ങൾ!!. കാലിക്കറ്റ് സിറ്റി സർവിസ് കോ - ഓപ്പറേറ്റിവ് ബാങ്ക് ഉയർത്തുന്ന മുദ്രാവാക്യത്തിൽ തെല്ലുമില്ല അതിശയോക്തി; 'അസാദ്ധ്യമായതൊന്നുമില്ല'.ആ കാലിക്കറ്റ് സിറ്റി സർവിസ് കോ - ഓപ്പറേറ്റിവ് ബാങ്കിന്റെ സാരഥിയാണ് മൂന്നു വർഷത്തിലേറെയായി ജി.നാരായണൻകുട്ടി. സഹകരണ മേഖലയുമായി മൂന്നു പതിറ്റാണ്ടിന്റെ ഉറ്റബന്ധമുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ 30 വർഷത്തെ ലൈബ്രറി ജീവിതം പിന്നിട്ടാണ് ഇദ്ദേഹം പൂർണമായും സഹകരണ മേഖലയിൽ ശ്രദ്ധയൂന്നുന്നത്. 2017-ൽ ബാങ്കിന്റെ ചെയർമാനായി. നേരത്തെ തന്നെ ഐ എസ് ഒ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ബാങ്കിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള തീവ്രയത്നത്തിലാണ് പുത്തൻ പദ്ധതികളുമായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി.കാലിക്കറ്റ് സിറ്റി ബാങ്കിന്റെ നിക്ഷേപം കഴിഞ്ഞ മാർച്ച് 31ന് 1318 കോടിയിലെത്തിയിരിക്കുകയാണ്. സ്ഥാപനത്തിന്റെ കിരീടത്തിൽ ഏറ്റവും ഒടുവിൽ വന്നുചേർന്ന പൊൻതൂവലാണ് രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക സർവിസ് സഹകരണ ബാങ്കിനുള്ള എൻ.സി.ഡി.സി യുടെ പുരസ്കാരം.
@ തലശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക്
തലശ്ശേരി സ്വദേശിയായ ജി.നാരായണൻകുട്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ താവളമുറപ്പിച്ചതോടെ തന്നെ ഏതാണ്ട് കോഴിക്കോട്ടുകാരനായി മാറിയതാണ്. സർവിസിൽ നിന്നു വിരമിച്ച ശേഷം തിരിച്ച് നാട്ടിലേക്ക് മടങ്ങാൻ ആലോചിച്ചതാണെങ്കിലും കാലിക്കറ്റ് സിറ്റി ബാങ്കുമായുള്ള ബന്ധത്തോടെ അതിൽ നിന്നു പിന്മാറേണ്ടി വന്നു. സഹകാരിപ്രതിഭ സി.എൻ.വിജയകൃഷ്ണനുമായുള്ള അടുപ്പമാണ് ഈ രംഗത്തേക്ക് എത്തിക്കുന്നതും ഇവിടെ പിടിച്ചുനിറുത്തുന്നതും.
മുക്കാളി എൽ.പി, ബി. ഇ.എം യു.പി സ്കൂളുകളിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നെ അഴിയൂർ ഹൈസ്കൂളും കടന്ന് തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ. 1976 എം.എ ഹിസ്റ്ററി കഴിഞ്ഞ ശേഷം മൂന്ന് വർഷം പി.ഡബ്ല്യു.ഡിയിൽ ജോലി ചെയ്തിരുന്നു. അടുത്ത സുഹൃത്ത് നിർബന്ധിച്ചപ്പോൾ ലൈബ്രറി സയൻസ് പ്രവേശന ടെസ്റ്റ് എഴുതി പാസ്സായി. അങ്ങനെ തിരുവനന്തപുരത്ത് നിന്ന് ലൈബ്രറി സയൻസ് ബിരുദം കൂടിയായി. അവിടെ പഠിക്കുന്ന കാലത്ത് എം.വി.ആറുമായി നല്ല അടുപ്പമുണ്ടായിരുന്നു. കോഴ്സ് പൂർത്തിയാക്കി വീണ്ടും പി.ഡബ്ല്യു.ഡി യിൽ. വൈകാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി അസി.ലൈബ്രേറിയനായി നിയമനം ലഭിച്ചു. 2010 ലാണ് വിരമിക്കുന്നത്.
@ ചെറുപ്പത്തിലേയുണ്ട് രാഷ്ട്രീയം
പഠനകാലത്ത് തന്നെ രാഷ്ട്രീയ അഭിനിവേശമുണ്ടായിരുന്നു. കെ.എസ്.യു അനുഭാവിയായിരുന്നു തുടക്കത്തിൽ. ബ്രണ്ണനിൽ പഠിക്കുമ്പോൾ കോളേജ് മാഗസിനുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള വിയോജിപ്പോടെ കെ.എസ്.യു ബന്ധം അവസാനിപ്പിച്ചു. 1970-ൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി എസ്.എഫ്.ഐ യിൽ ചേർന്നു. പിന്നെ സജീവമായിരുന്നു. പക്ഷേ, പി.ജി പഠനകാലത്ത് കുറച്ചൊന്നു വിട്ടുനിൽക്കേണ്ടി വന്നു.
രാഷ്ട്രീയത്തിലെ റോൾ മോഡൽ അന്നും ഇന്നും എം.വി.രാഘവൻ തന്നെയാണെന്ന് നാരായണൻകുട്ടി പറയുന്നു. അദ്ദേഹത്തിന്റെ ചങ്കൂറ്റത്തിനും ദീർഘവീക്ഷണത്തിനും പകരം വെയ്ക്കാനാവുന്ന മറ്റൊരു നേതാവിനെ കണ്ടിട്ടില്ല. മുതിർന്നപ്പോൾ മാർക്സിസം മനസ്സിരുത്തി പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്വയം ചോദ്യങ്ങളുന്നയിക്കാൻ തുടങ്ങിയപ്പോൾ പലതിനും കൃത്യം ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ലെന്നു പറയാനും മടിയില്ല. ഔദ്യോഗിക ജീവിതത്തിനിടയിലും രാഷ്ട്രീയത്തിലെ പ്രമുഖരുമായി ഉറ്റ ബന്ധം പുലർത്താൻ സാധിച്ചിട്ടുണ്ട്. നേരത്തെ ചൂരായി ചന്ദ്രൻ മാസ്റ്ററെ പോലുള്ള നേതാക്കൾക്കൊപ്പം പ്രവർത്തിക്കാനും അവസരം കിട്ടിയിരുന്നു.
@ ബാങ്കിന്റെ തിളക്കം സേവന മികവിൽ
സാധാരണക്കാരുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ കാലിക്കറ്റ് സിറ്റി സർവിസ് കോ - ഓപ്പറേറ്റിവ് ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത് 2002 ജൂലായ് 24 നാണ്. വെറും അഞ്ചു വർഷത്തിനകം തന്നെ കോഴിക്കോട്ടെ മുൻനിര ബാങ്കുകളുടെ ശ്രേണിയിലേക്ക് ഉയരാൻ കഴിഞ്ഞു ഈ സ്ഥാപനത്തിന്. 15 വർഷം പിന്നിടുമ്പോഴേക്കും നഗരത്തിൽ 25 ബ്രാഞ്ചുകളും മൊബൈൽ ബ്രാഞ്ചുമായി കേരളത്തിലെ ഒന്നാം നമ്പർ ബാങ്കായി മാറാൻ സാധിച്ചു. ബാങ്കിന്റെ പ്രവർത്തന മികവ് കണക്കിലെടുത്ത് ഐ എസ് ഒ 9001-2000 സർട്ടിഫിക്കേഷൻ ലഭിച്ചു.
ഈ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ ബാങ്കാണിത്. ഇന്നിപ്പോൾ ബാങ്കിൽ സ്റ്റാഫായി 171 പേരുണ്ട്. കമ്മീഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 42 നിത്യനിധി കളക്ഷൻ ഏജന്റുമാർ ഇതിനു പുറമെ. ഇപ്പോൾ 1350 കോടിയാണ് ബാങ്കിന്റെ മൊത്തം നിക്ഷേപം. എല്ലാ ബ്രാഞ്ചുകളുടെയും പ്രവർത്തന സമയം 8 മുതൽ 8 വരെയാണ്.നാരായണൻകുട്ടി ബാങ്കിന്റെ ചെയർമാനാവുന്നത് 2017 ഡിസംബർ 18നാണ്. എം.വി.ആർ കാൻസർ സെന്റർ ഡയറക്ടറുടെ ചുമതലയുമുണ്ട്.
@ സഹകരണ പ്രസ്ഥാനത്തിൽ
യൂണിവേഴ്സിറ്റിയിൽ എത്തിയ ശേഷം അവിടത്തെ സൊസൈറ്റിയിലൂടെയാണ് സഹകരണ പ്രസ്ഥാനവുമായുള്ള ആദ്യബന്ധം. തൊണ്ണൂറുകളുടെ തുടക്കത്തിൽ സി.എൻ. വിജയകൃഷ്ണനെ പരിചയപ്പെട്ടത് ജീവിതത്തിലെ വലിയ വഴിത്തിരിവിനു കൂടി നിമിത്തമാവുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണയിൽ 1991-ൽ കോഴിക്കോട് താലൂക്ക് മോട്ടോർ ട്രാൻസ്പോർട്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയ്ക്ക് തുടക്കമിട്ടു. വിജയകൃഷ്ണൻ പ്രസിഡന്റും നാരായണൻകുട്ടി സെക്രട്ടറിയുമായുള്ള സംഘത്തിന് പക്ഷേ, പ്രവർത്തനാനുമതി മുടങ്ങി. അതോടെ ആ ശ്രമം ഒഴിവാക്കിയെങ്കിലും വിജയകൃഷ്ണനുമായി ചേർന്ന് ഫറോക്ക് കേന്ദ്രീകരിച്ച് സൊസൈറ്റി സ്ഥാപിച്ചു. രാമനാട്ടുകര എജ്യൂക്കേഷൻ സൊസൈറ്റിയുടെ പ്രസിഡന്റായാണ് സഹകരണ മേഖലയിൽ കൂടുതൽ സജീവമാകുന്നത്. നേരത്തെ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയിലുമുണ്ടായിരുന്നു.
@ ഡയാലിസിസ് സെന്റർ
കോഴിക്കോട്ടെ നിർധനരായ വൃക്കരോഗികൾക്ക് ബാങ്കിന്റെ മേൽനോട്ടത്തിൽ മിതമായ നിരക്കിൽ ഡയാലിസിസ് സൗകര്യം ലഭ്യമാക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് സൗജന്യമായും ഡയാലിസ് ചെയ്തു കൊടുക്കുന്നു. ഇതിനായി ബാങ്കിന്റെ സമീപത്ത് തന്നെ 6 കിടക്കകളടങ്ങിയ ഡയാലിസ് സെന്റർ ഒരുക്കിയിട്ടുണ്ട്. വൃക്കകളുടെ പ്രവർത്തനം തകരാറിലായ നൂറു കണക്കിന് രോഗികൾക്ക് ഈ സംരംഭം വലിയ ആശ്വാസമായി മാറുകയാണ്.
@ പുസ്തകങ്ങൾ എന്നും കൂട്ട്
ലൈബ്രറി സയൻസിലേക്ക് കടക്കുംമുമ്പു തന്നെ പുസ്തകങ്ങളുമായി അടുത്ത ചങ്ങാത്തമുണ്ട്.
ജോലിയിൽ പ്രവേശിച്ചതോടെ പിന്നെ ഒട്ടനവധി പുസ്തകങ്ങൾ വായിക്കാൻ സൗകര്യമുണ്ടായി.
വായന മാത്രമല്ല, എഴുത്തിലുമുണ്ട് താത്പര്യം. ദിനപത്രങ്ങളി ലുൾപ്പെടെ ലേഖനങ്ങൾ എഴുതാറുണ്ട്.
@ കൃഷി സംരംഭങ്ങൾ
ബാങ്കിന്റെ നേതൃത്വത്തിൽ കൃഷി അധിഷ്ഠിത പദ്ധതികൾ ആരംഭിക്കാൻ പദ്ധതിയുണ്ട്. എം.വി.ആർ സെന്ററിന്റെ കീഴിൽ വരുന്ന 15 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യാനുള്ള പദ്ധതിയ്ക്ക് രൂപം നൽകി വരികയാണ്. കോഴി വളർത്തൽ, പശുവളർത്തൽ എന്നിവയ്ക്ക് മുൻതുക്കം നൽകും. ബാങ്കിന്റെ നിയന്ത്രണത്തിൽ ഓൺലൈൻ എജ്യൂക്കേഷൻ സെന്റർ ആരംഭിക്കാനും ആലോചനയുണ്ട്.
@ കുടുംബം
ഭാര്യ വസന്തകുമാരി. മകൻ വീനിത് നിലമ്പൂർ അർബൻ ബാങ്കിൽ ഉദ്യോഗസ്ഥനാണ്. മകൾ ഗീതു ടി.എസ്.എച്ചിൽ ജോലി ചെയ്യുന്നു.