12,000 പേർക്ക് തൊഴിൽ നഷ്ടം
കോഴിക്കോട്: കൊവിഡ് വ്യാപനവും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും മൂലം കനത്ത ആഘാതമേറ്റ സംസ്ഥാനത്തെ ചെമ്മീൻ കൃഷി മേഖല ഇത്തവണത്തെ സീസണിൽ കുറിച്ചത് 30 ശതമാനം ഉത്പാദന നഷ്‌ടം. മുൻവർഷത്തെ അപേക്ഷിച്ച് ഉത്പാദനം 500 ടൺ വരെ കുറഞ്ഞു. 308 കോടി രൂപയുടെ നഷ്ടം ഇതുമൂലമുണ്ടായി. 12,000 പേർക്ക് തൊഴിലും നഷ്ടപ്പെട്ടു.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിത്ത്, തീറ്റ എന്നിവയുടെ വരവ് ഗണ്യമായി താഴ്ന്നതും ലോക്ക്ഡൗൺ കാരണം തൊഴിലാളികളെ സമയത്തിന് കിട്ടാത്തതും പ്രശ്‌നമായി. അന്യ സംസ്ഥാനത്തൊഴിലാളികളും ഈ മേഖലയിൽ പണിയെടുത്തിരുന്നു. കൊവിഡ് വ്യാപനമായതോടെ ഇവരിൽ ഒട്ടുമുക്കാലും സ്വന്തം നാട്ടിലേക്ക് മടങ്ങി.
സംസ്ഥാനത്ത് ചെമ്മീൻ കൃഷിയുള്ളത് 3,144 ഹെക്ടറിലാണ്. ശരാശരി വാർഷിക ഉത്പാദനം 1500 ടൺ. വിത്തിനും തീറ്റയ്ക്കും തമിഴ്‌നാടിനെയും ആന്ധ്രപ്രദേശിനെയുമാണ് ആശ്രയിക്കുന്നത്. അന്തഃസംസ്ഥാന ഗതാഗതം ഏറെ നാൾ മുടങ്ങിയത് ഇവയുടെ വരവിനെ സാരമായി ബാധിച്ചു. ചെന്നൈ ആസ്ഥാനമായുള്ള കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനമാണ് ('സിബ") ഇതു സംബന്ധിച്ച് പഠനം നടത്തിയത്.
നഷ്‌ടം ഇങ്ങനെ
കൃഷിക്ക് കുളമൊരുക്കലുൾപ്പെടെ പൂർത്തീകരിച്ചപ്പോഴാണ് വിത്തും തീറ്റയും കിട്ടാതായത്. 50 ശതമാനത്തോളം കർഷകർ പിന്തിരിഞ്ഞു
കൂടുതൽ പ്രതിസന്ധി ഭയന്ന് വളർച്ച എത്തും മുമ്പ് പലരും വിളവെടുത്തു. ചെറിയ ചെമ്മീൻ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കേണ്ടി വന്നു
''ചെമ്മീൻ കൃഷി, സംസ്‌കരണം, വിതരണം എന്നീ രംഗങ്ങളിൽ ആറ് മാസത്തോളം തൊഴിൽ ഇല്ലാതായി. കർഷകർക്കുണ്ടായ നഷ്ടം നികത്താൻ സാമ്പത്തിക സഹായം അനുവദിക്കണം. ഇൻഷ്വറൻസ് പരിരക്ഷയും വേണം""
ഡോ.കെ.കെ. വിജയൻ,
ഡയറക്‌ടർ, സിബ