കോഴിക്കോട്: ലോക്ക്ഡൗൺ ഇളവിലും ഡ്രൈവിംഗ് സ്കൂളിന്റെ ലോക്ക് അഴിയാത്തതോടെ രൂപേഷ് പതിമംഗലം കെട്ടിടം പണിയ്ക്ക് ഇറങ്ങി. ഇരുപത് വർഷമായി അനേകം പേരെ ഡ്രൈവിംഗ് പരിശീലിപ്പിച്ചയാളാണ് അന്നത്തിന് പുതിയ വഴി കണ്ടെത്തിയത്. അഞ്ച് വർഷം മുൻപായിരുന്നു പതിമംഗലത്ത് രൂപേഷിന്റെ ' രേവ ' ഡ്രൈവിംഗ് സ്കൂളിന് തുടക്കം. പലിശയ്ക്ക് പണമെടുത്തായിരുന്നു സൗകര്യം ഒരുക്കിയത്. ജീവിതം ടോപ്പ് ഗിയറിലേക്ക് വരുന്നതിനിടെ കൊവിഡ് റെഡ് സിഗ്നലിട്ടു. മാസങ്ങളായി വെറുതേയിട്ട വാഹനങ്ങളെല്ലാം ഇതോടെ തുരുമ്പ് കയറി നശിക്കുകയാണ്.
മാർച്ച് മുതൽ രണ്ട് മാസം വീട്ടിൽ ഒറ്റയിരിപ്പായിരുന്നു. അന്നം മുട്ടുമെന്ന് തോന്നിയതോടെയാണ് വീടുപണിയ്ക്ക് ഇറങ്ങിയതെന്ന് രൂപേഷ് പറയുന്നു. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് ഇവരുടെ ഡ്രൈവിംഗ് സ്കൂൾ. അഞ്ച് മാസമായി വിശ്രമിക്കുന്ന വാഹനങ്ങൾ ഇനി നന്നാക്കാനും നല്ലൊരു തുക വേണ്ടിവരും.- മറ്റ് പലരെയും പോലെ രൂപേഷിന്റെ സങ്കടവും ഇരമ്പുകയാണ്.