കൽപ്പറ്റ: മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല പ്രദേശങ്ങൾ പ്രഖ്യാപിക്കുമ്പോൾ വയനാട്ടിലെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്ന് സി.കെ.ശശീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ആവശ്യപ്പെട്ടു. കൽപ്പറ്റ മണ്ഡലത്തിലെ കുന്നത്തിടവക, അച്ചൂരാനം, പൊഴുതന, തരിയോട് വില്ലേജുകളെ മലബാർ വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതിലോല മേഖലയാക്കാനുള്ള കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം ഏകപക്ഷീയവും പ്രതിഷേധാർഹവുമാണ്. വൈത്തിരി, പൊഴുതന, തരിയോട് പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
പരിസ്ഥിതിലോല പ്രദേശങ്ങൾക്കായി കരട് വിജ്ഞാപനമിറക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകളും നിയമങ്ങളും അനുസരിച്ചല്ല ഇപ്പോഴത്തെ വിജ്ഞാപനം. അരലക്ഷത്തോളം പേർ ഈ പ്രദേശങ്ങളിൽ ജീവിക്കുന്നുണ്ട്. ബഹുഭൂരിപക്ഷവും ഇടത്തരം കർഷകരും തോട്ടം തൊഴിലാളികളും ആദിവാസി ജനവിഭാഗങ്ങളുമാണ്. വിജ്ഞാപനത്തിൽപെടുന്ന പ്രദേശങ്ങളെല്ലാം കൃഷി ഭൂമിയാണ്. വീടുകൾക്ക് പുറമേ ആരാധനാലയങ്ങളും വിവിധ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളുമെല്ലാം ഈ പ്രദേശങ്ങളിലുണ്ട്. ഭരണകർത്താകളുമായോ, ജനപ്രതിനിധികളുമായോ ചർച്ച നടത്താതെയാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്.
വിജ്ഞാപന വ്യവസ്ഥകൾ നടപ്പാക്കുന്നതിനും മേൽനോട്ടം വഹിക്കാനുമുള്ള സമിതിയിൽ കൽപ്പറ്റ എം.എൽ.എയെ ഉൾപ്പെടുത്തിയിട്ടില്ല. മറ്റുമണ്ഡലങ്ങളിലെ എം.എൽ.എമാർ സമിതിയിൽ ഉണ്ട്.
പരിസ്ഥിതി ലോല മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. വീട്, റോഡ് നിർമാണങ്ങളെയെല്ലാം ബാധിക്കും. അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുമ്പായി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണം. ജനവാസ മേഖലകൾ പരിസ്ഥിതിലോല പ്രദേശങ്ങളാക്കുന്നതിനെതിരെ പ്രക്ഷോഭം ആരംഭിക്കും. ആദ്യപടിയായി വൈത്തിരി, പൊഴുതന, തരിയോട് പഞ്ചായത്തുകളിൽ ഭരസമിതികളുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും.
വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.പ്രസാദ്, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി എന്നിവർ സംസാരിച്ചു.