സുൽത്താൻ ബത്തേരി: കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ച ബീനാച്ചി പനമരം റോഡിന്റെ നിർമ്മാണം ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് കരാറുകാരൻ ഉറപ്പു നൽകി. ജനപ്രതിനിധികളുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം മുമ്പാകെയാണ് കരാറുകാരൻ ഇക്കാര്യം വ്യക്തമാക്കിയത്.
22 കിലോമീറ്റർ വരുന്ന റോഡിനെ അഞ്ച് റീച്ചുകളായി തിരിച്ചാണ് ഇനി നിർമ്മാണം നടത്തുക. ഓരോ ഭാഗത്തെയും നിർമ്മാണം പൂർത്തീകരിച്ച ശേഷം മാത്രമേ അടുത്ത ഭാഗത്തെ പണി നടത്തുകയുള്ളൂ.
കമ്പനിയുടെ സീനിയർ എഞ്ചിനീയറുടെ മേൽനോട്ടത്തിലായിരിക്കും നിർമ്മാണം നടത്തുക. എല്ലാ മാസവും അവലോകന യോഗം നടത്താനും തീരുമാനിച്ചു.
കഴിഞ്ഞ മാർച്ചിൽ നിർമ്മാണം പൂർത്തീകരിക്കേണ്ടിയിരുന്ന റോഡിന്റെ പണി എങ്ങുമെത്താതെ പാതിവഴിയിലായതോടെയാണ് കരാറുകാരനെ വിളിച്ചുവരുത്തിയത്.
ചെന്നൈ ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ കമ്പനിയാണ് റോഡിന്റെ കരാർ ഏറ്റെടുത്തത്. ബത്തേരി ഗസ്റ്റ് ഹൗസിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കരാറുകാരനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഉദ്യോഗസ്ഥതലത്തിലുള്ള വീഴ്ചയല്ല മറിച്ച് കരാറുകാരൻ വരുത്തിയ കാലതാമസമാണ് പണി കൃത്യമായി നടക്കാത്തതിന് കാരണമെന്ന് യോഗം വിലയിരുത്തി.
22 കിലോമീറ്റർ ദൂരം വരുന്ന ബീനാച്ചി- പനമരം –റോഡ് 52 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. വീതികൂട്ടി കയറ്റം കുറച്ചാണ് ടാറിംഗ് നടത്തേണ്ടിയിരുന്നത്. മുഖ്യ കരാറുകാരൻ സബ് കോൺട്രാക്ടർക്ക് റോഡ് പണി ഏൽപ്പിക്കുകയായിരുന്നു. റോഡിലെ കൾവർട്ടുകളുടെ നിർമ്മാണം പൂർത്തീകരിക്കുകയും റോഡിന്റെ കുറെ ഭാഗം മാന്തി കല്ലിട്ട് നിരത്തുകയും മാത്രമാണ് ചെയ്തത്. കഴിഞ്ഞ മഴയോടെ നിരത്തിയ കല്ലുകൾ പലഭാഗത്തും ഒലിച്ചുപോയതോടെ റോഡ് പൂർണമായും കുണ്ടും കുഴിയുമായി തീർന്നിരിക്കുകയാണിപ്പോൾ.