കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെയും പി.എസ്.സി യുടെയും യുവജന വഞ്ചനയിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ 25,000 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിച്ചു. പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ നിർവഹിച്ചു.
പിണറായി സർക്കാർ എല്ലാ വകുപ്പുകളിലും മാനദണ്ഡങ്ങൾ പാലിക്കാതെ യഥേഷ്ടം പിൻവാതിൽ നിയമനം നടത്തുകയാണെന്ന് അദ്ദേഹം ആക്ഷേപിച്ചു. നിയമന ശുപാർശകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് അത്രയും പേർക്ക് ജോലി കിട്ടിയെന്ന വ്യാജ പ്രചാരണമാണ് സർക്കാരിന്റേത്.
സി.പി.ഒ ഉദ്യോഗാർത്ഥികളോടുൾപ്പെടെ തികഞ്ഞ നീതിനിഷേധമാണ്. എൽ.ഡി.സി, എൽ.ഡി.വി, എൽ.ജി.എസ് തുടങ്ങിയ നിരവധി തസ്തികകളിൽ നാമമാത്രമായേ നിയമനം നടത്തിയിട്ടുള്ളൂ. പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികളെ അവഹേളിക്കുന്ന സമീപനമാണ് പി.എസ്.സി യുടെയും സർക്കാരിന്റെയും ഭാഗത്ത് നിന്നുണ്ടാവുന്നത്. ഏറ്റവും കൂടുതൽ റിട്ടയർമെന്റ് നടന്ന വർഷമായിട്ടു പോലും തസ്തികൾ ഇല്ലെന്ന പി.എസ്.സി ചെയർമാന്റെ വാദം ന്യായീകരിക്കാനാവില്ല.
യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.രനീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അനൂപ്, ജില്ലാ ജനറൽ സെക്രട്ടറി ജുബിൻ ബാലകൃഷ്ണൻ, ഹരിപ്രസാദ് രാജ, ലിബിൻ ഭാസ്കർ, സ്വരൂപ് മേമുണ്ട, വിപിൻചന്ദ്രൻ, നിപിൻ കൃഷ്ണൻ, മഹിളാ കോ ഓർഡിനേറ്റർ അമൃതബിന്ദു, കോ - കോർഡിനേറ്റർ പുണ്യ രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.