ജീവിതത്തിൽ തോൽവികൾ, അതല്ലെങ്കിൽ തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടില്ലാത്ത മനഷ്യരുണ്ടോ ?. ഓരോ തോൽവിയെയും തള്ളി മാറ്റി മുന്നോട്ട്, ലക്ഷ്യത്തിലേക്ക് കുതിക്കുന്നിടത്താണ് യഥാർത്ഥവിജയത്തിന്റെ തുടക്കം. ഏതു കടമ്പയെയും അതിജീവിക്കാനുള്ള ത്രാണി ആർജ്ജിക്കാനായാൽ പിന്നെ പരാജയം എന്നൊന്നില്ല. വിജയം മാത്രം. ഈ സിദ്ധാന്തത്തിന്റെ ആൾരൂപമായി തന്നെ കാണാം കഠിനാദ്ധ്വാനത്തിലൂടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കോഴിക്കോട്ടുകാരൻ ബഷീർ മുസ്ലിയാരകത്തെ. പതിറ്റാണ്ടുകളുടെ അനുഭവങ്ങളുമായി, ഇന്നിപ്പോൾ ബിസിനസ്സിന്റെ ഏതു തുറയിലും കൈവെക്കാനുള്ള ചങ്കൂറ്റമുണ്ട് ഇദ്ദേഹത്തിന്. തോൽവിയുടെ കയ്പ് രുചിയറിയേണ്ടി വന്നാൽ വിജയത്തിന്റെ ഇരട്ടിമധുരം നുണയാമെന്ന തികഞ്ഞ ആത്മവിശ്വാസം തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മൂലധനം. പരീക്ഷണഘട്ടങ്ങളെയെല്ലാം മറികടന്നത് മറ്റെന്തിനേക്കാൾ ഉപരിയായി ഈ നിശ്ചയദാർഢ്യത്തിന്റെ ബലത്തിലാണ്. കടലുകൾക്കപ്പുറത്ത് ഗൾഫിലും ഇങ്ങിവിടെ നാട്ടിലും ബിസിനസ് പടർത്തിയത് തോറ്റാലും വീഴില്ലെന്ന മന:സ്ഥൈര്യത്തിലാണ്.
@ ഗൾഫിലേക്ക് 19ാം വയസിൽ
ഒരു തരത്തിൽ, കുട്ടിത്തം വിട്ടുമാറാത്ത പ്രായം. പക്ഷേ, പ്രായത്തിൽ കവിഞ്ഞ പക്വതയായിരുന്നു മനസ്സിനെന്ന് 19-ാം വയസ്സിൽ ഗൾഫിലേക്ക് തിരിക്കുമ്പോൾ സ്വയം തിരിച്ചറിഞ്ഞിരുന്നു ബഷീർ മുസ്ലിയാരകം. എന്തെങ്കിലും ഒരു ജോലി എന്നതിനേക്കാൾ സ്വന്തമായൊരു ബിസിനസ് എന്ന ലക്ഷ്യം മാത്രമെയുണ്ടായിരുന്നുള്ളൂ ഉള്ള് നിറയെ. തോൽവികളറിയാതെ നിരന്തര ശ്രമത്തിൽ അത് നേടിയെടുത്തു. പത്തറക്കൽ അഹമ്മദ് കോയ - മുസ്ലിയാരകം ഇമ്പിച്ചിപാത്തുമ്മ ദമ്പതികളുടെ മൂത്ത മകൻ ബഷീർ മുസ്ലിയാരകം അങ്ങനെ വർഷങ്ങൾ നീണ്ട യാത്രയിലൂടെ ബിസിനസ് സാമ്രാട്ടിന്റെ പദവിയിലേക്ക് തന്നെയെത്തി.
ഉപ്പയ്ക്ക് ജോലി വലിയങ്ങാടിയിലായിരുന്നു. അതുകൊണ്ടുകൂടിയാകാം കുട്ടിക്കാലത്തേ കണ്ണ് കച്ചവടത്തിലായത്. മുതിർന്നു വന്നപ്പോഴേക്കും ബിസിനസ് മോഹം ശരിക്കും തലയ്ക്ക് പിടിച്ചു. കൈയിലെന്തുണ്ട് എന്നതിനേക്കാൾ മനസ്സിലുള്ളതിന് കൂടുതൽ മൂല്യം കല്പിക്കുകയായിരുന്നു. കുണ്ടുങ്ങൽ സ്കൂളിലെയും കുറ്റിച്ചിറ ഹൈസ്കൂളിലെയും പഠനം പിന്നിട്ടതോടെ പിന്നെ നാട്ടിൽ അധികകാലം തങ്ങാനുള്ള ക്ഷമയുണ്ടായിരുന്നില്ല. ഗൾഫിലേക്ക് പറക്കണമെന്നും അവിടെ നിന്ന് സ്വയം പറന്നുയരണമെന്നും ഉറപ്പിച്ചതാണ്. പരാജയത്തെ വിജയത്തിന്റെ ചവിട്ടിപടിയാക്കുകയായിരുന്നു ബഷീർ മുസ്ലിയാരകം. ആദ്യഘട്ടത്തിൽ നിലനില്പിന്റെ പരീക്ഷണങ്ങൾ കുറച്ചൊന്നുമായിരുന്നില്ല. ഒടുവിൽ 1985-ൽ ഇന്ത്യാ ടെക്സ് എന്ന പേരിൽ തുണിക്കടയുമായാണ് ബിസിനസ് രംഗത്തേക്ക് ചുവടുവെക്കുന്നത്. ഹോൾസെയിൽ ആൻഡ് റീട്ടെയിൽ ടെക്സ്റ്റൈൽ ഷോപ്പായിരുന്നു. ഒരു വർഷം പിന്നിട്ടപ്പോഴേക്കും ഗൾഫ് കോർണർ എന്ന പേരിൽ മറ്റൊരു കട കൂടി തുറന്നു. പക്ഷേ, ആദ്യസംരംഭം പരാജയത്തിൽ കലാശിച്ചു.
എന്നാൽ പിന്മാറാൻ ഒരുക്കമായിരുന്നില്ല. പ്രതിസന്ധികളെ സധൈര്യം നേരിട്ട് മുന്നോട്ട് കുതിച്ചു. 1990-ൽ റസ്റ്റോറന്റ് ബിസിനസിലേക്ക് മാറി. ടോപ് ഫോം എന്ന പേരിൽ റിയാദിൽ റസ്റ്റോറന്റ് തുടങ്ങി. 2000- ൽ പേര് പാരഗൺ എന്നു മാറ്റി. സൗദിയിലെ മലയാളികൾക്ക് രുചിയൂറും വിഭവങ്ങൾ വിളമ്പി പാരഗൺ ജൈത്രയാത്രയിലാണ്. റിയാദിലും ദമാമിലുമായി ഇന്നിപ്പോൾ മൂന്നു റസ്റ്റോറന്റുകളുണ്ട്. ഗൾഫിലെ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ അമാസിയിലെ പാർട്ണർ കൂടിയാണ് ബഷീർ മുസ്ലിയാരകം.
@ എന്നും താങ്ങായി സഹോദരൻ
ബിസിനസിൽ താങ്ങായി സഹോദരൻ അബ്ദുസമദ് ഒപ്പമുണ്ടായിരുന്നു. ആ പിന്തുണ പകർന്ന ധൈര്യവും ആത്മവിശ്വാസവും ഏറെയാണ്. നിർഭാഗ്യവശാൽ അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഗൾഫിൽ മലയാളി രുചിയുടെ തനിമ പ്രിയങ്കരമാക്കിയത് ഈ സഹോദരങ്ങളുടെ കൂട്ടുകെട്ടിലാണ്. സൗദിയിലെത്തുന്ന ഏതു മലയാളിക്കും നാട്ടിലെന്ന പോലെ വാഴയിലയിൽ ചോറുണ്ണാം എന്നതാണ് പാരഗണിന്റെ സവിശേഷത. പാരഗൺ ബ്രാഞ്ചുകൾ സൗദിയിലുടനീളം തുടങ്ങാനുള്ള പദ്ധതിയുമായി നീങ്ങുന്നതിനിടെയായിരുന്നു സഹോദരന്റെ വേർപാട്. അതോടെ പദ്ധതി തത്കാലത്തേക്ക് മാറ്റിവെക്കേണ്ടി വന്നു. റിയാദിൽ ലുഹാ മാർട്ട് എന്ന പേരിൽ സൂപ്പർ മാർക്കറ്റാണ് അടുത്ത ലക്ഷ്യം. വർഷങ്ങൾക്ക് മുമ്പ് ജന്മനാട്ടിൽ അറേബ്യൻ ഫുഡ്സ് ആരംഭിക്കാൻ പദ്ധതിയുണ്ടായിരുന്നു, ആ സമയത്താണ് അതേ പേരിൽ മറ്റൊരു റസ്റ്റോറന്റ് വന്നത്. അതോടെ ആ പദ്ധതി തത്കാലത്തേക്ക് ഉപേക്ഷിക്കേണ്ടി വന്നു.
@ റോയൽ എൻഫീൽഡിലേക്കും
റോയൽ എൻഫീൽഡിന്റെ ഇന്ത്യയിലെ നമ്പർ വൺ ഷോറൂം ആൻഡ് സർവിസ് സെന്ററുകളിലൊന്നാണ് കോഴിക്കോട്ടെ മാങ്കാവിലേത്. യുവത്വത്തിന്റെ താത്പര്യം കണ്ടറിഞ്ഞാണ് ബഷീർ മുസ്ലിയാരകം വാഹനമേഖലയിലേക്ക് കടന്നത്. റോയൽ എൻഫീൽഡ് ഷോറൂമിന്റെ തുടക്കം 2014-ലാണ്. പഴയ അശോക തീയേറ്ററിലാണ് വിശാലമായ സൗകര്യങ്ങളുമായി സർവീസ് സെന്ററിന്റെ പ്രവർത്തനം. ചുരുങ്ങിയ കാലത്തിനിടെ പ്രവർത്തന മികവിൽ ലുഹാ ഓട്ടോമോട്ടീവ്സ് ഇന്ത്യയിലെ ഏറ്റവും മികച്ച സെയിൽസ് ആൻഡ് സർവീസ് സെന്ററായി മാറുകയായിരുന്നു. ഇപ്പോൾ ഫറോക്ക് പേട്ടയിൽ മൂന്നാമത്തെ ഷോറൂം തുറക്കാൻ പോവുകയാണ്. നാലാമത്തെ ഷോറൂം മലപ്പുറത്ത് കൊണ്ടോട്ടിയിലും. പ്ലേ പോയിന്റ്, ആഡംബര ബ്യൂട്ടി പാർലർ എന്നിങ്ങനെ വ്യത്യസ്ത മേഖലകൾ കൂടി പരീക്ഷിക്കുകയാണ് ഇദ്ദേഹം.
@ ഗോൾ നേടുന്നത് ടീം
ഉപഭോക്താവിന്റെ മന:സംതൃപ്തിയാണ് ഏതു ബിസിനസിന്റെയും വിജയത്തിന് അടിസ്ഥാനമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ബഷീർ മുസ്ലിയാരകം. ടീം സ്പിരിറ്റോടെ സ്റ്റാഫിനെ ഒന്നിച്ച് നിറുത്താനായാൽ വിജയം ഉജ്ജ്വലമായിരിക്കുമെന്നതിലും ഇദ്ദേഹത്തിന് സംശയമില്ല. ടീമിന്റെ ഒത്തിണക്കത്തിലൂടെയാണ് ഓരോ ഗോളും നേടാനാവുക. വെറും ഒരു ജോലിക്കാരനായി ഗൾഫിൽ ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയ ബഷീറിന്റെ കൂടെ ഇന്നിപ്പോൾ ഗൾഫിലും നാട്ടിലുമായി ഇരുന്നൂറോളം പേർ സ്റ്റാഫായുണ്ട്.
@ കാരുണ്യവഴിയിലും സജീവം
ഗൾഫിൽ സംഗമം കൾച്ചറൽ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. ഇപ്പോൾ നിർധന കുടുംബങ്ങൾക്ക് മാസം തോറും സാമ്പത്തിക സഹായം എത്തിക്കുന്നുണ്ട്. പാരഗൺ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പന്തീരാങ്കാവിൽ പാവപ്പെട്ട ആറു ഭിന്നശേഷി കുടുംബങ്ങൾക്കായി ഫ്ലാറ്റ് നിർമാണം പൂർത്തിയായി വരികയാണ്. ഈ ഡിസംബറിൽ താക്കോൽ കൈമാറാനാവുമെന്നാണ് പ്രതീക്ഷ.
@ കുടുംബം
ഭാര്യ: ഫരിദ ബഷീർ. മക്കൾ: ബജാഷ് ബഷീർ (ലുഹാ ഓട്ടോമോട്ടീവ്സ് ), ഡോ.ലുലുവ ബഷീർ, തർഫിൻ ബഷീർ ( ലുഹാ മാർട്ട്, റിയാദ്), ലുഹാ ഫാത്തിമ ബഷീർ (പ്ലസ് ടു വിദ്യാർത്ഥിനി). മരുമക്കൾ: ഡോ.ബാക്കീർ ഹുസൈൻ, അമാന ഷെറീഫ്.