ഇന്ന് അത്തം ഒന്ന്
സജീവമായി ഓണ വിപണി
കോഴിക്കോട്: കൊവിഡ് ദുരന്തങ്ങൾക്കിടെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലമായ പൊന്നോണത്തിന്റെ വരവറിയിച്ച് മലയാളികൾക്ക് ഇന്ന് അത്തം. ഇനി പത്തു നാൾ കാത്തിരിപ്പിന്റെ കാലം. ആഘോഷങ്ങൾ വീടുകളിൽ ഒതുങ്ങുമെങ്കിലും ഉള്ളതു പോലെ ഓണം അടിപൊളിയാക്കാൻ ഒരുങ്ങുകയാണ് നാടും നഗരവും.
സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുൻകരുതലുകളെടുത്തും വിപണിയും സജീവമായിട്ടുണ്ട്. ഉത്പന്നങ്ങൾക്ക് വില കുറച്ചും സമ്മാനങ്ങൾ നൽകിയും ഉപഭോക്താക്കളെ കീഴടക്കാനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ. പലവ്യഞ്ജന, വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക്സ് കടകളിലും ഫർണിച്ചർ വ്യാപാര സ്ഥാപനങ്ങളിലുമാണ് ഇത്തവണ തിരക്ക്. ഗതാഗത തടസം മാറിയതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും സ്റ്റോക്ക് എത്തുന്നുണ്ട്.
വിഷു, പെരുന്നാൾ, ഈസ്റ്റർ വിപണികൾ തകർന്നടിഞ്ഞ കച്ചവടക്കാരുടെ അവസാന പ്രതീക്ഷയാണ് ഓണം. മുൻ വർഷങ്ങളെ പോലെ കച്ചവടമില്ലെന്ന് വ്യാപാരികൾ പറയുന്നു. അതേ സമയം സർക്കാർ ഓഫീസടക്കമുള്ള ജോലി സ്ഥലങ്ങളിൽ നിന്ന് ആളുകൾക്ക് വെെകുന്നേരം മാത്രം വരാൻ കഴിയുമ്പോഴും കട നേരത്തെ അടക്കേണ്ടി വരുന്നത് തിരിച്ചടിയാണ്. രാത്രി ഏഴു മണി വരെ പ്രവർത്തനാനുമതി നൽകിയിരിക്കുന്ന കടകളുടെ സമയം നീട്ടണമെന്നും ഇവർ ആവശ്യപ്പെടുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പ്രളയമായിരുന്നു വില്ലനെങ്കിൽ ഇത്തവണ കൊവിഡായി. എങ്കിലും നല്ലൊരു നാളേയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇവർ.
" കടകൾ തുറന്നു. പക്ഷെ, കച്ചവടം മോശം തന്നെയാണ്. ചുരുക്കം ആളുകളേ എത്തുന്നുള്ളൂ. ഓണവിപണിയിൽ പ്രതീക്ഷയില്ല''
ടി. നസറുദ്ധീൻ
സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി
"സർക്കാരിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാണ് കച്ചവടം"
ബിജു - വ്യാപാരി
ആഘോഷിച്ചോളൂ, സുരക്ഷയോടെ
വ്യാപാര സ്ഥാപനങ്ങളിൽ രാത്രിയിലും ആൾ തിരക്കുണ്ട്. ഇതോടെ പൊലീസ് പരിശോധന കർശനമാക്കി. തെർമ്മൽ സ്‌ക്രീനിംഗ് പരിശോധിച്ചും കൈകഴുകിച്ചും സാനിറ്റൈസർ നൽകിയും മാസ്‌ക് നിർബന്ധമാക്കിയുമാണ് കടകളിലേക്ക് പ്രവേശിപ്പിക്കുന്നത്. പേരും ഫോൺ നമ്പരും രേഖപ്പെടുത്തുന്നുണ്ട്. ജീവനക്കാരും ഉപഭോക്താക്കളും സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. തിരക്ക് നിയന്ത്റിക്കാൻ പല കടകളിലും മുൻകൂർ ബുക്കിംഗും വിശ്രമ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പൂ കച്ചവടത്തിന് എട്ടിന്റെ പണി
അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പൂക്കൾ വാങ്ങരുതെന്നും ഇത് കൊവിഡ് വ്യാപന സാദ്ധ്യത കൂട്ടുമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം പൂ വിപണിക്ക് ഏൽപ്പിച്ചത് വൻ തിരിച്ചടിയാണ്. പൂക്കളത്തിന് ഉപയോഗിക്കുന്ന ജമന്തി, അരളി പൂക്കൾ തമിഴ്നാട്ടിൽ നിന്നാണ് എത്തിയിരുന്നത്. സ്കൂളുകളും കോളേജുകളും പൂട്ടിയതും ക്ലബുകളും സ്ഥാപനങ്ങളും ആഘോഷങ്ങൾ വേണ്ടെന്നു വച്ചതും ഇവരുടെ നടുവൊടിച്ചു. അത്തത്തിന് പത്തു ദിവസം മുന്നേ ബുക്കിംഗ് തുടങ്ങുന്ന പൂ കച്ചവടത്തിന് ഇന്ന് ആവശ്യക്കാരില്ല.