കോഴിക്കോട്: മലയാള സർവകലാശാല നിർമ്മാണ യോഗ്യമല്ലാത്ത ഭൂമി ഏറ്റെടുത്തതിന്റെ പണം നൽകാനുള്ള ഉത്തരവ് അഴിമതിയ്ക്കു തെളിവാണെന്നും ഉന്നതവിദ്യാഭ്യാസമന്ത്റി കെ.ടി. ജലീലിന് ഇതിൽ പങ്കുണ്ടെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അഴിമതി വെളിച്ചത്തായപ്പോൾ മുഴുവൻ പണവും നൽകാൻ ഉത്തരവിടുകയായിരുന്നു. എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവനും വൈസ് ചാൻസിലറുടെ പി.എ. സ്റ്റാലിനും ഇടനിലക്കാരായി പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
17.60 കോടി രൂപ നൽകിയാണ് നിസാരവിലയുള്ള ചതുപ്പ് പ്രദേശം വാങ്ങിയത്. ഇവിടെ നിർമ്മാണം നടത്താൻ സാദ്ധ്യമല്ലെന്ന എക്‌സ്‌പേർട്ട് കമ്മിറ്റിയുടെ റിപ്പോർട്ടും കോടതി ഉത്തരവും നിലനിൽക്കെ ബാക്കി തുക അനുവദിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണം നടന്നാലും ഇല്ലെങ്കിലും സി.പി.എം ഉദ്ദേശിച്ച കാര്യം നടന്നു. തുച്ഛമായ വിലയുള്ള ഭൂമി ഉയർന്ന വിലയ്ക്ക് ഏറ്റെടുത്ത് കോടികൾ ലാഭമുണ്ടാക്കുക മാത്രമായിരുന്നു സി.പി.എം ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് കാലത്ത് സമരം പാടില്ലെന്ന കോടതി ഉത്തരവ് എന്ത് അഴിമതിയും നടത്താനുള്ള ലൈസൻസായി സർക്കാർ കാണരുതെന്നും യൂത്ത്‌ലീഗ് ഓർമ്മപ്പെടുത്തി. ഈ തീവെട്ടിക്കൊള്ളയെ നേരിടുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.