കോഴിക്കോട്: റോ-റോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഷൊർണൂർ വരെ വിജയകരമായെങ്കിലും വെസ്റ്റ് ഹില്ലിന് അപ്പുറത്തേക്കുളള സർവീസിന് ഇനിയും കാത്തിരിക്കേണ്ടിവരും. റെയിൽവേ പച്ചക്കൊടി കാട്ടിയാൽ തന്നെ വെസ്റ്റ് ഹില്ലിന് ശേഷം ഡീസൽ എൻജിനുകൾക്ക് മാത്രമായിരിക്കും അനുമതി. ഇത് വീണ്ടും പ്രതിസന്ധിയാകും.പാസഞ്ചർ ട്രെയിനുകൾ കൂടുതൽ സർവീസ് നടത്തുന്ന റൂട്ടിൽ കുറഞ്ഞ ദൂരത്തിനായി എൻജിനുകൾ മാറ്റുന്നത് മറ്റ് ട്രെയിൻ സർവീസുകളെ പ്രതികൂലമായി ബാധിക്കും.
കോഴിക്കോട് റെയിൽവേ സ്റ്റേഷന് തൊട്ടുമുമ്പുള്ള മേൽപ്പാലവും തിരൂർ റെയിൽവേ മേൽപ്പാലവുമാണ് മറ്റൊരു കടമ്പ. സാങ്കേതികമായി പ്രശ്നമില്ലെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഒഴിവാക്കുന്നതാണ് നല്ലതെന്ന അഭിപ്രായവുമുണ്ട്.
റോ-റോ സർവീസ് കേരളത്തിന് ഗുണം ചെയ്യണമെങ്കിൽ കൂടുതൽ ലോറികൾ എത്തുന്ന കൊച്ചി വരെ നീട്ടണം.എന്നാൽ ഷൊർണൂർ യാർഡിലെ മേൽപ്പാലം തടസമായി നിൽക്കുകയാണ്.കൊങ്കൺ റെയിൽവേയാണ് റോ-റോ സർവീസിന് മുൻകൈ എടുത്തത്.കൊവിഡ് കാരണം പാസഞ്ചർ ട്രെയിനുകൾ നിലച്ചതോടെ റെയിൽവേയ്ക്കുണ്ടായ നഷ്ടം ചരക്ക് ഗതാഗതത്തിലൂടെ കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസത്തിൽ തന്നെ റെയിൽവേയ്ക്കുണ്ടായ നഷ്ടം 40,000 കോടി രൂപയാണ്.
കേരളത്തിലെ വ്യാപാരി-വ്യവസായികൾക്കും റോ-റോ സർവീസിനോട് താല്പര്യമുണ്ട്. കൊവിഡ് വ്യാപനം മൂലം ലോറികൾക്ക് ദൂര സ്ഥലങ്ങളിലേക്ക് സർവീസ് നടത്താൻ കഴിയുന്നില്ല. തൊഴിലാളികൾക്ക് ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ലഭിക്കാത്ത പ്രശ്നങ്ങളുമുണ്ട്. റോ-റോ ഇതിന് പരിഹാരമാകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.ചരക്ക് കൂലിയും ഗണ്യമായി കുറയും.പല കാരണങ്ങളാൽ ലോറികൾ നിർത്തിയിടേണ്ടി വരുന്നത് ഒഴിവാക്കാനും ചരക്കുകൾ കേടുകൂടാതെ എത്തുന്നതിനും സഹായമാവും.
വെസ്റ്റ് ഹിൽ വരെയുള്ള സർവീസിന് ഉടൻ അനുമതിയാകുമെന്നാണ് അറിയുന്നത്.