കുറ്റ്യാടി: കുറ്റ്യാടി വയനാട് അന്തർ സംസ്ഥാന പാതയിലെ ഓത്തിയോട്ട് പാലവും പരിസരവും അപകട മേഖലയാകുന്നു. ഓവുചാലിൽ നിന്നും വളർന്ന കാട്ടുചെടികളാണ് കാൽനട യാത്രികർക്ക് പ്രയാസമാകുന്നത്. ഓവുചാലിന് സ്ലാബ് പാകാത്തതോടെ മഴവെള്ളത്തിൽ ഒഴുകിയെത്തിയ മണ്ണിൽ നിന്ന് മരത്തൈകളും കാടും വളർന്നതാണ് പ്രതിസന്ധി. കർണ്ണാടകയിലേക്ക് പോകുന്ന പ്രധാന പാതയായതിനാൽ വാഹനങ്ങൾ അമിത വേഗത്തിലാണ് കടന്നുപോകുക. ഓവുചാലിന് മുകളിലൂടെ നടക്കാൻ കഴിയാത്തതോടെ കാൽനടക്കാർ റോഡിലിറങ്ങി നടക്കും. ഇക്കാരണത്താൽ നാല് വർഷത്തിനിടെ നിരവധി അപകടങ്ങളും സംഭവിച്ചു. പ്രശ്നം വേഗം പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.