ഓമശ്ശേരി: കഴുത്തിൽ പിണഞ്ഞ പൊക്കിൾ കൊടിയിൽ നിന്നും ഗർഭസ്ഥ ശിശുവിന്റെ ജീവൻ രക്ഷിച്ച് ശാന്തി ആശുപത്രിയിലെ ഇടപെടൽ. പ്രസവിക്കാനെത്തിയ 20കാരിയുടെ കുഞ്ഞിനാണ് ആദ്യം അനക്കക്കുറവ് ശ്രദ്ധയിൽ പെട്ടത്. ഗൈനക്കോളജി ഡോക്ടർ ഇ.വി. മുഹമ്മദ് സ്‌കാനിംഗ് പരിശോധിച്ചതോടെ കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾകൊടി ചുറ്റിയതായി മനസിലാക്കി. ഇതോടെ ലേബർ റൂമിലേക്കു മാറ്റി. പിന്നീട് ഓരോ ഇടവേളകളിലും നിരീക്ഷിച്ചതോടെ കഴുത്തിൽ അഞ്ച് ചുറ്റലുള്ളതായി തിരിച്ചറിയാനായി. കുഞ്ഞ് ഗർഭപാത്രത്തിൽ കിടന്നു തിരിയുന്നതോടെ ഒന്നോ രണ്ടോ ചുറ്റലുകൾ ഉണ്ടാകുമെങ്കിലും അപൂർവമായാണ് ഇത്രയേറെ ചുറ്റുകൾ ഉണ്ടാകൂ. ചിലപ്പോഴിത് ജീവനും ഭീഷണിയാകും.
ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ രക്ഷിച്ചത്. ആഴ്ചകൾക്ക് മുൻപ് പരിശോധിച്ചപ്പോൾ പ്രശ്നം ഉണ്ടായിരുന്നില്ല. മലബാറിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രിയാണ് ശാന്തി. കുഞ്ഞും അമ്മയും നാലാം ദിവസം ആശുപത്രി വിട്ടു.