bevarage

 നാലു വർഷത്തിനിടെ അഞ്ചിരട്ടി വർദ്ധന

കോഴിക്കോട്: മദ്യപിച്ച് വശംകെട്ട് നടക്കുന്നവരെ കൊട്ടുമ്പോൾ അവർ തിരിച്ചടിക്കുന്നൊരു ന്യായമുണ്ട് ; ''ഞങ്ങൾ കുടിച്ചാലെന്താ, കൊട്ടക്കണക്കിന് നികുതിയിൽ നിന്ന് നാട്ടിലെ നല്ല കാര്യങ്ങൾക്കായി ചെലവിടാൻ നന്നായി കിട്ടുന്നുണ്ടല്ലോ"...

ഈ അവകാശവാദം ബോദ്ധ്യപ്പെടാൻ ബിവറേജസ് കോർപ്പറേഷന്റെ കഴിഞ്ഞ കുറച്ചു വർഷത്തെ പൊതുനന്മ ഫണ്ട് വിനിയോഗത്തിന്റെ കണക്ക് കണ്ടാൽ മതി. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് (2011 - 2016) കെ.എസ്.ബി.സി 2. 35 കോടി രൂപയാണ് സാമൂഹ്യ പ്രതിബദ്ധതയെന്ന നിലയിൽ ചെലവഴിച്ചത്. എന്നാൽ ഓരോ വർഷവും മലയാളികൾ റെക്കോർഡ് തകർത്ത് കുടിച്ച് മുന്നേറിയപ്പോൾ സേവനത്തിന്റെ അളവും കാര്യമായി കൂടി. ഇക്കഴിഞ്ഞ നാലു വർഷത്തിനിടയിൽ ആകെ 10. 93 കോടി രൂപയാണ് വിവിധ സ്ഥാപനങ്ങൾക്കായി കെ.എസ്.ബി.സി നൽകിയത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ചെലവഴിച്ചതിനെ അപേക്ഷിച്ച് ഇതിനകം തന്നെ ഏതാണ്ട് അഞ്ചിരട്ടി വർദ്ധനവ്.

കൊച്ചിയിലെ പൗരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ ഈ കണക്കുകൾ വിസ്തരിച്ചുണ്ട്. 82 സ്ഥാപനങ്ങൾക്കാണ് സഹായം ലഭ്യമാക്കിയത്.

കളമശേരി മെഡിക്കൽ കോളേജിൽ മദ്യവിമുക്ത കേന്ദ്രം, കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം, 11 ഡീ അഡിക്ഷൻ സെന്റർ തുടങ്ങൽ, അന്ധന്മാർക്ക് ഉപയോഗിക്കാവുന്ന കമ്പ്യൂട്ടർ വിതരണം എന്നിവയ്ക്ക് ആയിരുന്നു യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബവറേജസ് കോർപ്പറേഷൻ ഇടപെട്ടത്.

നെയ്യാറ്റിൻകരയിലെ സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി, അടൂർ മദർ തേരസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി തുടങ്ങിയവ മുതൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം നഗരസഭ, ശുചിത്വ മിഷൻ വരെ ഗുണഭോക്തൃ പട്ടികയിലുൾപ്പെടും.