കൽപ്പറ്റ: സപ്ലൈകോ ഓണം ഫെയറുകൾക്ക് ജില്ലയിൽ തുടക്കമായി. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും പൊതുജനങ്ങൾക്ക് സബ്സിഡി നിരക്കിൽ ജില്ലാ ഫെയർ വഴി ലഭ്യമാവും. ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ മുൻസിപ്പൽ ടൗൺ ഹാളിൽ സി.കെ ശശീന്ദ്രൻ എം. എൽ.എ നിർവഹിച്ചു. ജില്ലാ സപ്ലൈ ഓഫീസർ റഷീദ് മുത്തുകണ്ടി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൽപ്പറ്റ മുനി​സിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ്, സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷൻ അംഗം എം.വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.

ആഗസ്റ്റ് 30 വരെയാണ് ജില്ലാതല ഓണം ഫെയർ. ജില്ലാതല ഫെയറുകൾക്ക് പുറമേ താലൂക്ക് തലത്തിൽ മിനി ഫെയറുകൾ 26 മുതൽ നടക്കും. കൂടാതെ ജില്ലയിലെ മുഴുവൻ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ ഓണം ഫെയറുകളായും പ്രവർത്തിക്കും.

ഓണച്ചന്തയി​ലെ വിലനിരക്ക്: ചെറുപയർ 38.50, ഉഴുന്ന് 34.50, കടല വലുത് 23, വൻപയർ 24, തുവര പരിപ്പ് 34, മുളക് 39, മല്ലി 39, ശബരി വെളിച്ചെണ്ണ 46 (500 ഗ്രാം),പഞ്ചസാര 23.50,കുറുവ അരി 25 , മാവേലി മട്ട അരി 24, ജയ അരി 25, മാവേലി പച്ചരി 23. കൂടാതെ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറികളും ജില്ലാ ഫെയറിൽ ലഭ്യമാണ്.

(ചിത്രം)

ദേശീയ സാമ്പിൾ സർവേ

കൽപ്പറ്റ: നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് തദ്ദേശസ്ഥാപനങ്ങളുടെ സമ്മതത്തോടെ നടത്തുന്ന ദേശീയ സാമ്പിൾ സർവേയോട് പൊതുജനങ്ങൾ കൃത്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് കോഴിക്കോട് മേഖല നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ എഫ്.മുഹമ്മദ് യാസിർ അറിയിച്ചു. കണ്ടെയിൻമെന്റ് സോണുകളായ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ നീക്കുന്നത് വരെ സർവ്വേ ഒഴിവാക്കിയിട്ടുണ്ട്. സർവ്വെ നടത്തുന്ന ഉദ്യോഗസ്ഥർ കൊവിഡ് 19 മുൻ കരുതലുകളും സംസ്ഥാന കേന്ദ്ര സർക്കാരുകളുടെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ യാത്രയിലും ഭവനസന്ദർശനത്തിലും കൃത്യമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.